ആറന്മുള വിമാനത്താവളത്തിന്റെ അവസാന ചിറകും കലക്ടര്‍ അരിഞ്ഞു; പദ്ധതിയുടെ റണ്‍വേ കീറിമുറിച്ച് തോട് പുഃനസ്ഥാപിച്ചു

ആറന്മുള വിമാനത്താവള നിര്‍മ്മാണത്തിന്റെ ഭാഗമായി കെജിഎസ് ഗ്രൂപ്പ് മണ്ണിട്ട് നികത്തിയ കരിമാരംതോടും ആറന്മുള ചാലും പുഃനസ്ഥാപിച്ചു. വിമാനത്താവളത്തിനായി നികത്തിയ തോടുകള്‍ കലക്ടര്‍ ആര്‍. ഗിരിജയുടെ നേതൃത്വത്തിലാണ് പുഃനസ്ഥാപിച്ചത്. കെജിഎസ് ഗ്രൂപ്പിന്റെ വിമാനത്താവള പദ്ധതിയുടെ റണ്‍വേ കീറിമുറിച്ചാണ് തോടുകള്‍ പുനര്‍നിര്‍മിച്ചിരിക്കുന്നത്. ഇരു തോടുകളും ഉടന്‍ പൂര്‍വ സ്ഥിതിയിലാക്കണമെന്ന് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇതേ തുടര്‍ന്നാണ് നിര്‍ദ്ദിഷ്ട വിമാനത്താവള പ്രദേശത്തുകൂടി കടന്നുപോകുന്ന തോടുകള്‍ റവന്യൂ വകുപ്പിന്റെ നേതൃത്വത്തില്‍ പുന:സ്ഥാപിക്കാന്‍ നടപടി സ്വീകരിച്ചത്.

മണ്ണിട്ട് മൂടിയതുമൂലം സര്‍വ്വേ നടപടികളില്‍ തോടിന്റെ നിജസ്ഥിതി മനസ്സിലാക്കാന്‍ കഴിയുന്നില്ലാത്തതിനാല്‍ ഇറിഗേഷന്‍ വകുപ്പിന്റെ നേതൃത്വത്തില്‍ സ്ഥലത്ത് സര്‍വേ നടപടികള്‍ നടത്തിയിരുന്നു. തോട് അളന്നു തിട്ടപ്പെടുത്തി നീരൊഴുക്ക് നിലച്ച ഈ തോട് പുന:സ്ഥാപിക്കണം എന്ന് ആവശ്യപ്പെട്ട് ആറന്മുള പൈതൃക ഗ്രാമ സമിതി അംഗങ്ങളായ മോഹനന്‍ നായര്‍, ചന്ദ്രശേഖരന്‍ നായര്‍ എന്നിവരുടെ പരാതിയിന്മേലാണ് ഹൈക്കോടതി തോട് പുഃനസ്ഥാപിക്കാന്‍ ഉത്തരവിട്ടത്.

ഹൈക്കോടി ഉത്തരവിട്ടിട്ടും ആറന്മുള വിമാനത്താവളത്തിനായി നികത്തിയ നീര്‍ച്ചാലും വലിയ തോടും മണ്ണുമാറ്റി പുനഃസ്ഥാപിക്കാന്‍ ആദ്യം റവന്യൂവകുപ്പ് തയാറായിരുന്നില്ല. തുടര്‍ന്ന് പത്തനംതിട്ട ജില്ലാ കലക്ടറായിരുന്ന എസ്. ഹരികിഷോറിന് കോടതിയുടെ രൂക്ഷ വിമര്‍ശനം കേള്‍ക്കേണ്ടി വന്നിരുന്നു.

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയശേഷം വിമാനത്താവളത്തിനായി നിയമ വിരുദ്ധമായി മണ്ണിട്ടുനികത്തിയ കരിമാരം തോടും ആറന്മുള ചാലും ഒരു മാസത്തിനകം മണ്ണ് നീക്കി പൂര്‍വ്വസ്ഥിതിയിലാക്കി നീരൊഴുക്ക് പുനസ്ഥാപിക്കാന്‍ റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ നിര്‍ദ്ദേശിച്ചിരുന്നു. . മന്ത്രിയുടെ ചേമ്പറില്‍ ചേര്‍ന്ന വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം എടുത്തത്. ഇതിന്റെ അടിസ്ഥാനത്തിലാണ് യുദ്ധകാലഅടിസ്ഥാനത്തില്‍ മണ്ണ്‌നീക്കം ചെയ്യാന്‍ തുടങ്ങിയത്. തോട് പുഃനസ്ഥാപിച്ചതിന്റെ പ്രഖ്യാപനം അടുത്ത ദിവസം കലക്ടര്‍ ആര്‍. ഗിരിജ നടത്തും.