ഭൂമിയിടപാട്, നിര്‍ണ്ണായക വൈദീക സമ്മേളനം നാളെ: ആലഞ്ചേരി പങ്കെടുക്കും,നികുതി വെട്ടിപ്പ് അന്വേഷിക്കാനാവശ്യപ്പെട്ട് എെജിയ്ക്ക് പരാതി

സിറോ മലബാര്‍ സഭയുടെ ഭൂമിയിടപാട് വന്‍ വിവാദമായിരിക്കെ, വിഷയം ചര്‍ച്ച ചെയ്യാന്‍ അടിയന്തിര വൈദീക സമ്മേളനം ചേരുന്നു. ആര്‍ച്ച് ബിഷപ് ഹൗസില്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് ചേരുന്ന യോഗത്തില്‍ വിവാദ ഇടപാടില്‍ ആരോപണം നേരിടുന്ന മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയും പങ്കെടുക്കും. സഭയിലെ തിരഞ്ഞെടുക്കപ്പെട്ട 60 വൈദികരാണ് സമ്മേളനത്തില്‍ പങ്കെടുക്കുക. ഇതോടൊപ്പം മാര്‍പ്പാപ്പയ്ക്കുള്ള വൈദികരുടെ പരാതിയും നാളെ അയയ്ക്കും.

്അതിനിടെ കോടികളുടെ ഭൂമിയിടപാടില്‍ നടന്നിട്ടുള്ള നികുതി വെട്ടിപ്പ് അടക്കമുള്ള കാര്യങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ട്് കൊച്ചി റേഞ്ച് ഐ ജിയ്ക്ക് പരാതി നല്‍കി. പോളച്ചന്‍ പുതപ്പാറ എന്ന വ്യക്തിയാണ് പരാതി നല്‍കിയത്. ഇടപാടില്‍ നടന്നതായി പറയപ്പെടുന്ന അഴിമതി, വിശ്വാസ വഞ്ചന,നികുതി വെട്ടിപ്പ് തുടങ്ങിയവയെ കുറിച്ച് വിശദമായ അന്വേഷണം വേണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെയാണ് ഭൂമിവില്‍പന സംബന്ധിച്ച ആരോപണം. ബാങ്കുകളില്‍നിന്ന് വായ്പയെടുത്ത തുക തിരിച്ചടയ്ക്കുന്നതിന് നടത്തിയ ഭൂമിവില്‍പനയില്‍ സഭയ്ക്ക് വലിയ നഷ്ടമുണ്ടായെന്ന് ഒരുവിഭാഗം വൈദികര്‍ ആരോപിച്ചിരുന്നു.

അലക്‌സൈന്‍ സന്യാസി സഭ സിറോ മലബാര്‍ സഭയ്ക്ക് കൈമാറിയതാണ് വില്‍പന നടത്തിയ തൃക്കാക്കരയിലെ ഭൂമി. ജീവകാരുണ്യ പ്രവര്‍ത്തനത്തിന് മാത്രമേ ഉപോയഗിക്കാന്‍ പാടുള്ളൂ എന്ന വ്യവസ്ഥയിലായിരുന്നു ഇത്. 50 കോടിയോളം രൂപയുടെ കടം വീട്ടുന്നതിനാണ് 100 കോടിയുടെ ഭൂമി വിറ്റത്. എന്നാല്‍ കടം 90 കോടിയായി ഉയരുകയും ഭൂമി നഷ്ടപ്പെടുകയും ചെയ്യുന്ന സാഹചര്യമുണ്ടാവുകയും ചെയ്തിരുന്നു. കാക്കനാട്ട് സീപോര്‍ട്ട് -എയര്‍ പോര്‍ട്ട് റോഡരികില്‍ 69 സെന്റ്, തൃക്കാക്കര ഭാരത് മാതാ കോളേജിന് സമീപം 60 സെന്റ്, തൃക്കാക്കര കൊല്ലംകുടി മുകളില്‍ ഒരു ഏക്കര്‍, മരടില്‍ 54 സെന്റ് എന്നിങ്ങനെയാണ് സഭ കച്ചവടം ചെയ്തത്.

27 കോടി മതിപ്പുവിലയുള്ള സ്ഥലങ്ങള്‍ ഒമ്പത്് കോടിക്കാണ് വിറ്റത്. സെന്റിന് ഒമ്പതര ലക്ഷത്തിന് വില്‍ക്കാനാണ് അതിരൂപതയുടെ ഫിനാന്‍സ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയത്. ഒമ്പത്് കോടിയേ ലഭിച്ചുള്ളൂവെന്ന് ഒരു വിഭാഗം വൈദികര്‍ പറയുന്നു. ബാക്കി തുകയ്ക്ക് കോതമംഗലത്ത് 25 ഏക്കറും മൂന്നാറിന് സമീപം 17 ഏക്കറും ഈടായി വാങ്ങിയെന്നാണ് വിശദീകരണം.

കാക്കനാട്ടെ സ്ഥാപനമാണ് സ്ഥലങ്ങള്‍ വാങ്ങിയത്. സാജു വര്‍ഗീസ് കുന്നേല്‍ എന്നയാളെ ഇടനിലക്കാരനാക്കി 36 പേര്‍ക്കാണ് ഭൂമി കൈമാറിയത്. 2016 സെപ്റ്റംബര്‍ ഒന്നിനും അഞ്ചിനുമായി പത്ത് പേര്‍ക്കും 2017 ജനുവരി മുതല്‍
ആഗസ്റ്റ് 16വരെ മറ്റ് 25 പേര്‍ക്ക് കൂടി ഭൂമി പതിച്ചു നല്‍കുകയായിരുന്നു. ഭൂമി കൈമാറ്റ രേഖയിലെല്ലാം ഒപ്പിട്ടിരിക്കുന്നത് കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരിയാണ്.