ആഢംബര വീടുകളും സാമ്പത്തിക ക്രമക്കേടും; പാര്‍ട്ടി കളമശേരി ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈനെതിരായ അന്വേഷണം പ്രഹസനമായേക്കും

വന്‍തോതില്‍ സ്വകാര്യസ്വത്ത് വാരിക്കൂട്ടിയെന്ന ആരോപണം നേരിടുന്ന സി പി എം കളമശേരി ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈനെതിരായ പരാതിയെ കുറിച്ചുള്ള പാര്‍ട്ടി അന്വേഷണം പ്രഹസനമായേക്കും. അനധികൃത സ്വത്ത് സമ്പാദനം,വന്‍ സാമ്പത്തിക ക്രമക്കേട് തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ടാണ് കളമശേരിയിലെ തന്നെ സി പി എം നേതാവ് സക്കീര്‍ ഹുസൈനെതിരെ പാര്‍ട്ടിയ്ക്ക് പരാതി നല്‍കിയത്.

നേരത്തെ വ്യവസായിയെ തട്ടികൊണ്ട് പോയ കേസില്‍ സക്കീര്‍ ഹുസൈന്‍ അറസ്റ്റിലായിരുന്നു. അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നും വലിയ വീടുകള്‍ വാങ്ങിയെന്നും ഇത്തരം ഇടപാടുകളില്‍ ക്രമക്കേടുണ്ടായിട്ടുണ്ടെന്നുമാണ് പാര്‍ട്ടി അംഗം ജില്ലാകമ്മിറ്റിക്ക്് പരാതി നല്‍കിയിരിക്കുന്നത്. സംസ്ഥാന കമ്മറ്റി അംഗം സി.  എം ദിനേശ്മണി, ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ പി ആര്‍ മുരളിധരന്‍ എന്നിവരടങ്ങിയ സമിതിയെയാണ്  പരാതി അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ കേരളത്തിലെ വലിയ വ്യവസായ ഇടനാഴിയായ ഇവിടെ പ്രവര്‍ത്തന മേഖലയാക്കിയ സക്കീര്‍ ഹുസൈന് ഇക്കൂട്ടരുടെ പിന്തുണ സജീവമാണ്. പലപ്പോഴും വ്യവസായികളും പാര്‍ട്ടിയും തമ്മിലുള്ള പാലമായി പ്രവര്‍ത്തിക്കുന്ന ആളുമാണ് ഇദ്ദേഹം.

നേരത്തെ വ്യവസായിയെ തട്ടികൊണ്ട് പോയ കേസില്‍ സക്കിര്‍ ഹുസൈന്‍ അറസ്റ്റിലായിരുന്നുവെങ്കിലും പിന്നീട് എളമരം കരീമിന്റ നേതൃത്വത്തില്‍ പേരിനൊരു അന്വേഷണം നടത്തി ഗുഡ്‌സര്‍ട്ടിഫിക്കറ്റ് നല്‍കുകയായിരുന്നു. അന്നും സക്കീര്‍ ഹുസൈന് തുണയായത് വ്യവസായികളുമായുള്ള ബന്ധമായിരുന്നു. അതുകൊണ്ട് തന്നെ ഇക്കുറിയും അത്ഭുതങ്ങള്‍ പ്രതീക്ഷിക്കേണ്ട എന്നാണ് സാധാരണ പ്രവര്‍ത്തകരുടെ പ്രതികരണം. അതേസമയം തനിക്കെതിരെയുള്ള ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന് സക്കീര്‍ വാദിക്കുന്നു.