പാര്‍ട്ടി കോണ്‍ഗ്രസ് മാറ്റിവെയ്ക്കില്ല; വര്‍ഗീയത പറയുന്നത് രാഹുലെന്നും കോടിയേരി

കോണ്‍ഗ്രസ് നേതൃത്വത്തില്‍ ന്യൂനപക്ഷങ്ങളെ തഴയുന്നുവെന്ന ആരോപണം ആവര്‍ത്തിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. നേരത്തെ തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ കോണ്‍ഗ്രസില്‍ ന്യൂനപക്ഷങ്ങള്‍ക്ക് സ്ഥാനമില്ലെന്ന് കോടിയേരി പറഞ്ഞിരുന്നു. ഇതിനെതിരെ കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തുകയും ചെയ്തു.

കോണ്‍ഗ്രസ് ബന്ധം ദേശീയ തലത്തില്‍ വേണ്ടെന്ന നിലപാടിനെ സാധൂകരിക്കുന്ന തരത്തിലേക്ക് പാര്‍ട്ടി കോണ്‍ഗ്രസ് ചര്‍ച്ച ചെയ്യാനാണ് സാദ്ധ്യത. കേരളത്തില്‍ കെപിസിസി അദ്ധ്യക്ഷനും പ്രതിപക്ഷ നേതാവും ന്യൂനപക്ഷമല്ലെന്നാണ് കോടിയേരിയുടെ വിമര്‍ശനം. രാഹുല്‍ഗാന്ധി ഇന്ത്യ ഹിന്ദു രാഷ്ട്രമെന്ന് പറഞ്ഞെന്നും വര്‍ഗീയത പറഞ്ഞത് രാഹുല്‍ ആണെന്നും കോടിയേരി പറഞ്ഞു. രാഹുല്‍ പറയുന്നത് മോഹന്‍ ഭാഗവതിന്റെ നിലപാടെന്നും കോടിയേരി പറഞ്ഞു.

Read more

അതിനിടെ കോവിഡ് പശ്ചാത്തലത്തില്‍ പാര്‍ട്ടി കോണ്‍ഗ്രസ് മാറ്റി വെയ്ക്കുമോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തെ കോടിയേരി തള്ളിക്കളഞ്ഞു. മാറ്റി വെയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും, അങ്ങനെയെങ്കില്‍ സ്വാഗത സംഘം ഓഫീസ് ഇന്ന് ഉദ്ഘാടനം ചെയ്യില്ലായിരുന്നല്ലോ എന്നുമാണ് കോടിയേരി പ്രതികരിച്ചത്.