കണ്ണൂരിലെ സി.പി.എം പ്രവര്‍ത്തകന്റെ കൊലപാതകം; പ്രതികളായ ഏഴ് ആര്‍.എസ്.എസുകാര്‍ക്കും ജീവപര്യന്തം

സി.പി.എം പ്രവര്‍ത്തകന്‍ പൊന്ന്യം നായനാര്‍ റോഡ് നാമത്ത് മുക്കിലെ പാറക്കണ്ടി പവിത്രനെ (52) കൊലപ്പെടുത്തിയ കേസില്‍ ഏഴ് പ്രതികളും കുറ്റക്കാര്‍. കുറ്റക്കാര്‍ക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ വീതം പിഴയും വിധിച്ചു. തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.

ആര്‍.എസ്.എസ്.-ബി.ജെ.പി. പ്രവര്‍ത്തകരായ പൊന്ന്യം വെസ്റ്റ് ചെങ്കളത്തില്‍ വീട്ടില്‍ സി.കെ.പ്രശാന്ത് (36), പൊന്ന്യം നാമത്ത്മുക്കിലെ നാമത്ത് വീട്ടില്‍ ലൈജേഷ് എന്ന ലൈജു (39), ചെങ്കളത്തില്‍ ഹൗസില്‍ പാറായിക്കണ്ടി വിനീഷ് (35), പൊന്ന്യം കുണ്ടുചിറയിലെ പ്രശാന്ത് എന്ന മുത്തു (39), പൊന്ന്യം മൂന്നാംമൈല്‍ ലക്ഷ്മി നിവാസില്‍ കെ.സി.അനില്‍കുമാര്‍ (51), എരഞ്ഞോളി മലാല്‍ ലക്ഷംവീട് കോളനിയിലെ കിഴക്കയില്‍ വിജിലേഷ് (35), എരഞ്ഞോളിപ്പാലത്തിനടുത്ത തെക്കേതില്‍ ഹൗസില്‍ തട്ടാരത്തില്‍ കെ.മഹേഷ് (38) എന്നിവരാണ് പ്രതികള്‍. നാലാംപ്രതി വലിയപറമ്പത്ത് ജ്യോതിഷ് സംഭവശേഷം മരിച്ചു.

2007 നവംബര്‍ ആറിന് പുലര്‍ച്ചെ നാമത്ത്മുക്ക് അങ്കണവാടിക്കു സമീപത്തു വച്ചാണ് പവിത്രന്‍ കൊല്ലപ്പെട്ടത്. വീട്ടിലേക്ക് പാല്‍ വാങ്ങാനായി പോയപ്പോഴായിരുന്നു അക്രമം. രക്ഷപ്പൈന്‍ തൊട്ടടുത്ത മുണ്ടാണി രാജീവന്റെ വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും അക്രമിസംഘം പിന്തുടര്‍ന്ന് വെട്ടി. കോഴിക്കോട് സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലിരിക്കെ 10-ന് പുലര്‍ച്ചെ മരിച്ചു.