പന്തീരങ്കാവ് യു.എ.പി.എ കേസ്; എന്‍.ഐ.എ ഏറ്റെടുത്തത് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശപ്രകാരം

കോഴിക്കോട് പന്തീരങ്കാവ് യു.എ.പി.എ കേസ് എന്‍.ഐ.എ ഏറ്റെടുത്തത് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം. സംസ്ഥാന ഡി.ജി.പിക്കും ചീഫ് സെക്രട്ടറിക്കും എന്‍.ഐ.എ അയച്ച കത്ത് പുറത്ത് വന്നു. യു.എ.പി.എ. ചുമത്തിയതിനാല്‍ കേസ് എന്‍.ഐ.എ നിയമത്തിന്റെ പരിധിയില്‍ വരുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കുന്നു.

ഡിസംബര്‍ 16-ന് ആണ് കേസ് എന്‍.ഐ.എ ഏറ്റെടുക്കേണ്ടതാണെന്ന് ചൂണ്ടിക്കാണിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ധര്‍മേന്ദ്ര കുമാര്‍ ഡി.ജി.പിക്കും ചീഫ് സെക്രട്ടറിക്കും എന്‍.ഐ.എ ഡയറക്ടര്‍ ജനറലിനും കത്തയച്ചത്. 2008-ലെ എന്‍.ഐ.എ നിയമത്തിലെ വ്യവസ്ഥകള്‍ ചൂണ്ടിക്കാണിച്ചു കൊണ്ട് കേസ് എന്‍.ഐ.എ അന്വേഷിക്കണമെന്ന് കത്തില്‍ പറയുന്നു. എന്‍.ഐ.എ നിയമപ്രകാരം ഷെഡ്യൂള്‍ഡ് ക്രൈമില്‍ ഉള്‍പ്പെടുന്നതാണ് അലന്‍ ഷുഹൈബിനും താഹയ്ക്കും എതിരെ ചുമത്തിയിരിക്കുന്ന യു.എ.പി.എ.

കേസ് അന്വേഷണം എന്‍.ഐ.എയ്ക്കു വിടുന്നത് കേന്ദ്ര സര്‍ക്കാരിന് നേരിട്ട് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസിന്റെ അന്വേഷണം സംസ്ഥാന പോലീസില്‍നിന്ന് എന്‍.ഐ.ഐ ഏറ്റെടുത്തിരിക്കുന്നത്. കൊച്ചി സൗത്ത് എസ്.പിയില്‍നിന്ന് എന്‍.ഐ.എ ഡി.വൈ.എസ്.പി എത്തി കേസ് അന്വേഷണം സംബന്ധിച്ച ഫയലുകള്‍ നേരിട്ട് ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്.

നിരോധിക്കപ്പെട്ട മാവോയിസ്റ്റ് സംഘടന പ്രസിദ്ധീകരിച്ച പുസ്തകവും ലഘുലേഖകളും കണ്ടെടുത്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് നവംബർ ഒന്നിന് രണ്ട് യുവാക്കളെ കോഴിക്കോട് പന്തിരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. യുവാക്കൾക്കെതിരെ യു.എ.പി.എ വകുപ്പുകൾ ചുമത്തിയതോടെ ഹൈക്കോടതിയടക്കം ജാമ്യം നിഷേധിച്ചു. സംസ്ഥാനത്തെ യു.എ.പി.എ കേസുകൾ റിപ്പോർട്ട് ചെയ്യണമെന്ന ചട്ടമനുസരിച്ച് സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിന് യുവാക്കളുടെ കേസും റിപ്പോർട്ട് ചെയ്തു. തുടർന്നാണ് കേന്ദ്ര സർക്കാർ എൻ.ഐ.എയോട് കേസേറ്റെടുക്കാൻ ശിപാർശ ചെയ്തത്. ഇതനുസരിച്ചാണ് എൻ.ഐ.ഐ എഫ്.ഐ.ആര്‍ രജിസ്റ്റർ ചെയ്ത അന്വേഷണം ആരംഭിച്ചത്.