വിധിയെ സ്വാഗതം ചെയ്യുന്നെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍

അയോദ്ധ്യ ഭൂമി തര്‍ക്ക കേസില്‍ പ്രതികരണവുമായി  മുസ്ലിം ലീഗ് മലപ്പുറം ജില്ലാ അദ്ധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. വിധിയെ സ്വാഗതം ചെയ്യുന്നുവെന്നാണ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ പ്രതികരണം.

തര്‍ക്കഭൂമി ഉപാധികളോടെ ഹിന്ദുക്കള്‍ക്ക് വിട്ടു നല്‍കണം. മുസ്ലിങ്ങള്‍ക്ക് ആരാധനയ്ക്ക് പകരം ഭൂമി നല്‍കുമെന്നുമാണ് കോടതി വിധി.

കേന്ദ്രസര്‍ക്കാരോ സംസ്ഥാന സര്‍ക്കാരോ സുന്നി വഖഫ് ബോര്‍ഡിന് അഞ്ച് ഏക്കര്‍ ഭൂമി നല്‍കും. അത് ഉചിതമായ സ്ഥലത്ത് നല്‍കും.

എല്ലാവരുടേയും വിശ്വാസവും ആരാധനയും അംഗീകരിക്കണമെന്നും കോടതിക്ക് തുല്യത കാണിക്കേണ്ടതുണ്ടെന്നും വിധിന്യായത്തിനിടെ ബെഞ്ച് വ്യക്തമാക്കി.

അയോദ്ധ്യയില്‍ രാമന്‍ ജനിച്ചു എന്ന ഹിന്ദുക്കളുടെ വിശ്വാസത്തില്‍ യാതൊരു തര്‍ക്കവുമില്ലെന്നും തര്‍ക്കഭൂമി ആരുടേതെന്ന് തീരുമാനിക്കുന്നത് നിയമപരമായ വശങ്ങള്‍ കണക്കിലെടുത്തായിരിക്കുമെന്നും ദൈവശാസ്ത്രമല്ല ചരിത്ര വസ്തുതകളാണ് അടിസ്ഥാനമെന്നും കോടതി പറഞ്ഞു.

തര്‍ക്കഭൂമിയുമായി ബന്ധപ്പെട്ട് പുരാവസ്തു വകുപ്പിന്റെ രേഖകള്‍ തള്ളിക്കളയാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. തുറസ്സായ സ്ഥലത്തല്ല ബാബറി മസ്ജിദ് നിര്‍മ്മിച്ചത്. ബാബ്‌റി മസ്ജിദ് നിര്‍മ്മിച്ചത് മറ്റൊരു നിര്‍മ്മിതിക്ക് മുകളിലാണെന്നും എന്നാല്‍ ക്ഷേത്രം പൊളിച്ചാണ് പള്ളി പണിതതെന്ന് കണ്ടെത്താനായിട്ടില്ലെന്നും കോടതി പറഞ്ഞു.