പാലാരിവട്ടം മേല്‍പ്പാലം നിര്‍മാണത്തില്‍ അഴിമതി തന്നെ; ഗുരുതര നിര്‍മ്മാണ പാളിച്ചയുണ്ടായെന്ന് ചെന്നൈ ഐഐടി സംഘം

 

പാലാരിവട്ടം മേല്‍പ്പാലത്തിന് ഗുരുതര നിര്‍മ്മാണ പാളിച്ചയുണ്ടെന്ന് ചെന്നൈ ഐഐടിയില്‍ നിന്നുള്ള വിദഗ്ധ സംഘം. രൂപകല്‍പ്പനയില്‍ തുടങ്ങി നിര്‍മ്മാണത്തില്‍ വരെ ഗുരുതര പാളിച്ച ഉണ്ടെന്നാണ് ഐഐടി വിദഗ്ധനായ അളക സുന്ദരമൂര്‍ത്തിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ കണ്ടെത്തല്‍.

പാലാരിവട്ടം പാലം സന്ദര്‍ശിച്ച പൊതുമരാമത്ത് മന്ത്രി ജി സുധാകരനും കഴിഞ്ഞ ദിവസം ഇതെ അഭിപ്രായം ഉന്നയിച്ചിരുന്നു. പാലം നിര്‍മ്മാണത്തില്‍ വന്‍ അഴിമതിയും ക്രമക്കേടും തെളിഞ്ഞ സാഹചര്യത്തില്‍ വിജലന്‍സ് അന്വേഷണത്തിനും മന്ത്രി ഉത്തരവിട്ടിരുന്നു. വന്‍കിട കരാറുകള്‍ ഏറ്റെടുത്ത് നടപ്പാക്കുന്ന കിറ്റ്‌കോയ്ക്കായിരുന്നു പാലത്തിന്റെ നിര്‍മ്മാണ ചുമതല.

ചെന്നൈ ഐഐടിയുടെ റിപ്പോര്‍ട്ടിന്റെ കൂടി അടിസ്ഥാനത്തിലാണ് പാലം അടച്ച് അറ്റകുറ്റപണി നടത്തുന്നത്. ഒരു മാസത്തിനുള്ളില്‍ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കുമെന്ന ഉറപ്പ് നല്‍കിയാണ് റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ മേല്‍പ്പാലം അടച്ചിരിക്കുന്നത്. മേല്‍പ്പാലത്തിലെ വിള്ളലുകള്‍ ഇല്ലാതാക്കി, പാലം ബലപ്പെടുത്തുന്നത് അടക്കമുള്ള പണികളാണ് ഒരു മാസംകൊണ്ട് പൂര്‍ത്തിയാക്കേണ്ടത്.

റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷന്റെ മേല്‍നോട്ടത്തില്‍ പാലം നിര്‍മ്മിച്ച ആര്‍ ഡി എസ് കണ്‍സ്ട്രക്ഷന്‍സിന് തന്നെയാണ് അറ്റകുറ്റപ്പണിയുടെ ചുമതലയും. 30 ദിവസത്തിനകം പണികള്‍ പൂര്‍ത്തിയാക്കി ജൂണ്‍ ഒന്നിന് പാലം തുറക്കാനാണ് തീരുമാനം.

പാലത്തിനു ഇരുവശവുമുള്ള സര്‍വീസ് റോഡിലൂടെയായാണ് വൈറ്റില ഇടപ്പള്ളി ഭാഗങ്ങളിലേക്ക് വാഹനങ്ങള്‍ കടത്തി വിടുന്നത്. 52 കോടി ചെലവിട്ട് പണിത പാലം 2016 ഒക്ടോബര്‍ 16ന് മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. 750 മീറ്റര്‍ മാത്രം നീളമുള്ള പാലത്തിലൂടെ രണ്ടര കൊല്ലം വാഹനം ഓടിയപ്പോഴേയ്ക്കും മേല്‍പ്പാലത്തിന്റെ നിലനില്‍പ്പ് തന്നെ ഭീഷണിയിലായി. നിര്‍മ്മാണത്തില്‍ വരുത്തിയ ക്രമക്കേടാണ് മേല്‍പ്പാലത്തെ അപകടത്തിലാക്കിയതെന്ന് ആരോപണമുണ്ട്.