രണ്ടര വര്‍ഷം മുമ്പ് ഉദ്ഘാടനം ചെയ്ത പാലാരിവട്ടം ഫ്‌ളൈ ഓവര്‍ ബലക്ഷയത്തെ തുടര്‍ന്ന് അടച്ചു; നാഗമ്പടം പാലത്തെ കണ്ടുപഠിക്കണമെന്ന് സോഷ്യല്‍ മീഡിയ

ബലക്ഷയം കണ്ടെത്തിയതിനെ തുടര്‍ന്ന് കൊച്ചിയിലെ പാലാരിവട്ടം ഫ്‌ളൈ ഓവര്‍ അറ്റകുറ്റപ്പണികള്‍ക്കായി ഒരു മാസത്തേക്ക് അടച്ചു. ചെന്നൈ ഐഐടിയുടെ റിപ്പോര്‍ട്ടിന്റെ കൂടി അടിസ്ഥാനത്തിലാണ് പാലം അടച്ച് അറ്റകുറ്റപണി നടത്തുന്നത്. ഒരു മാസത്തിനുള്ളില്‍ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കുമെന്ന ഉറപ്പ് നല്‍കിയാണ് റോഡ്സ്  ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ മേല്‍പ്പാലം അടച്ചിരിക്കുന്നത്. മേല്‍പ്പാലത്തിലെ വിള്ളലുകള്‍ ഇല്ലാതാക്കി, പാലം ബലപ്പെടുത്തുന്നത് അടക്കമുള്ള പണികളാണ് ഒരു മാസംകൊണ്ട് പൂര്‍ത്തിയാക്കേണ്ടത്.

റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷന്റെ മേല്‍നോട്ടത്തില്‍ പാലം നിര്‍മ്മിച്ച ആര്‍ ഡി എസ് കണ്‍സ്ട്രക്ഷന്‍സിന് തന്നെയാണ് അറ്റകുറ്റപ്പണിയുടെ ചുമതലയും. 30 ദിവസത്തിനകം പണികള്‍ പൂര്‍ത്തിയാക്കി ജൂണ്‍ ഒന്നിന് പാലം തുറക്കാനാണ് തീരുമാനം.

പാലത്തിനു ഇരുവശവുമുള്ള സര്‍വീസ് റോഡിലൂടെയായാണ് വൈറ്റില ഇടപ്പള്ളി ഭാഗങ്ങളിലേക്ക് വാഹനങ്ങള്‍ കടത്തി വിടുന്നത്. 52 കോടി ചെലവിട്ട് പണിത പാലം 2016 ഒക്ടോബര്‍ 16ന് മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. 750 മീറ്റര്‍ മാത്രം നീളമുള്ള പാലത്തിലൂടെ രണ്ടര കൊല്ലം വാഹനം ഓടിയപ്പോഴേയ്ക്കും മേല്‍പ്പാലത്തിന്റെ നിലനില്‍പ്പ് തന്നെ ഭീഷണിയിലായി. നിര്‍മ്മാണത്തില്‍ വരുത്തിയ ക്രമക്കേടാണ് മേല്‍പ്പാലത്തെ അപകടത്തിലാക്കിയതെന്ന് ആരോപണമുണ്ട്. 60 വര്‍ഷം പൂര്‍ത്തിയാക്കിയ നാഗമ്പടം പാലം രണ്ടു സ്‌ഫോടനത്തില്‍ പോലും തകര്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍, രണ്ടു വര്‍ഷം മുമ്പ് പണിത പാലാരിവട്ടം പാലത്തിന് ബലക്ഷയം ഉണ്ടായതിനും പിന്നില്‍ അഴിമതിയാണെന്ന ആക്ഷേപവും സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിട്ടുണ്ട്.