പാലക്കാട്ടെ കൊലപാതകങ്ങള്‍; അമിത് ഷാ കേരളത്തിലേക്ക്

പാലക്കാട്ടെ ഇരട്ടക്കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ കേരളം സന്ദര്‍ശിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എത്തും. ഈ മാസം 29നാണ് അമിത് ഷാ കേരളത്തിലെത്തുക. നേരത്തെ തീരുമാനിച്ചിരുന്ന സന്ദര്‍ശനം ആണെങ്കിലും സംസ്ഥാനത്തെ ബിജെപി എസ്ഡിപിഐ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ സന്ദര്‍ശിക്കാനത്തിന് രാഷ്ട്രീയ പ്രാധാന്യം ഏറെയാണ്.

അതേസമയം പാലക്കാട് ജില്ലയില്‍ എസ്ഡിപിഐ, ആര്‍എസ്എസ് പ്രവര്‍ത്തകരുടെ കൊലപാതകത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ തുടരുകയാണ്. ഇരുചക്ര വാഹനങ്ങളിലെ യാത്രയ്ക്കും നിരോധനം ഏര്‍പ്പെടുത്തി. സ്ത്രീകളും കുട്ടികളുമൊഴികെ മറ്റാരും ഇരുചക്രവാഹനങ്ങളില്‍ പിന്‍സീറ്റിലിരുന്ന് യാത്ര ചെയ്യരുതെന്നാണ് നിര്‍ദ്ദേശം. അഡീഷ്ണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് കെ.മണികണ്ഠനാണ് ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ജില്ലയില്‍ ഇന്ന് സര്‍വകക്ഷിയോഗം ചേരും. വൈകിട്ട് 3.30ന് കളക്ടറേറ്റിലെ കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം ചേരുക. യോഗത്തിന് മന്ത്രി കെ കൃഷ്ണന്‍കുട്ടി അധ്യക്ഷത വഹിക്കും. ബിജെപി പ്രതിനിധികളും പോപ്പുലര്‍ ഫ്രണ്ട് പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇവര്‍ക്ക് പുറമെ ജനപ്രതിനിധികളും മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുടെയും സംഘടനകളുടെയും പ്രതിനിധികളും ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും.

വിഷു ദിനത്തിലാണ് എസ്ഡിപിഐ പ്രവര്‍ത്തകനായ സുബൈറിനെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്. 24 മണിക്കൂറിനുള്ളില്‍ മേലാമുറിയില്‍ വച്ച് ആര്‍എസ്എസ് നേതാവിനെ മറ്റൊരു അഞ്ചംഗ സംഘം കൊലപ്പെടുത്തുകയായിരുന്നു.

ശ്രീനിവാസന്റെ കൊലപാതകത്തില്‍ പ്രതികളെ കുറിച്ച് കൃത്യമായ സൂചന ലഭിച്ചതായി പൊലീസ് അറിയിച്ചു. സുബൈര്‍ വധക്കേസില്‍ നാല് പേരെ കസ്റ്റഡിയില്‍ എടുത്തിരുന്നു. രണ്ടു കൊലപാതകങ്ങളിലെയും പ്രതികളെ പിടികൂടാന്‍ പൊലീസ് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്.