പാലക്കാട് ഉരുള്‍പൊട്ടല്‍; മൂന്നു കുടുംബങ്ങള്‍ ഒറ്റപ്പെട്ടു, ഓരാടം പാലത്ത് പുഴ ഗതി മാറി ഒഴുകുന്നു

പാലക്കയം അച്ചിലടിയില്‍ ഉരുള്‍പൊട്ടല്‍. മൂന്നു കുടുംബങ്ങള്‍ ഒറ്റപ്പെട്ടു. പാലക്കാട് -കോഴിക്കോട് ദേശീയ പാതയില്‍ ഓരാടം പാലത്ത് ചെറുപുഴ ഗതി മാറി ഒഴുകുകയാണ്.

ഈ റൂട്ടില്‍ ഗതാഗതം പൂര്‍ണമായും നിലച്ചു. രണ്ട് വാഹനങ്ങള്‍ കുടുങ്ങി കിടക്കുന്നുണ്ട്. തിരൂര്‍ക്കാട് പടിഞ്ഞാറെ പാടം പ്രദേശത്ത് 11 വീടുകളില്‍ വെള്ളം കയറി. രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.

സംസ്ഥാനത്ത് ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. 12 ട്രെയിനുകള്‍ റദ്ദാക്കിയതായി ഇന്ത്യന്‍ റെയില്‍വേ അറിയിച്ചു. ആലപ്പുഴയ്ക്കും ചേര്‍ത്തലയ്ക്കും ഇടയില്‍ ട്രാക്കില്‍ മരം വീണതിനെത്തുടര്‍ന്നാണ് ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടത്.

ആലപ്പുഴ വഴിയുള്ള ട്രെയിനുകള്‍ വൈകും. ഗുരുവായൂര്‍- തിരുവനന്തപുരം ഇന്റര്‍സിറ്റി, ബംഗളൂരു- കൊച്ചുവേളി എന്നീ ട്രെയിനുകള്‍ കോട്ടയം വഴി തിരിച്ചുവിട്ടു. ഏറനാട് എക്‌സ്പ്രസ് കോട്ടയം വഴിയായിരിക്കും സര്‍വീസ് നടത്തുക.

റണ്‍വേയില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് നെടുമ്പാശ്ശേരി വിമാനത്താവളം ഞായറാഴ്ച വരെ അടച്ചിട്ടതായി സിയാല്‍ നേരത്തേ അറിയിച്ചിരുന്നു.