പാലയില്‍ ജയിച്ചേ തീരൂ; ഉപതിരഞ്ഞെടുപ്പ് യു.ഡി.എഫിനും എല്‍.ഡി.എഫിനും അഭിമാനപ്രശ്‌നം

കെ.എം.മാണിയുടെ തട്ടകമായിരുന്ന പാലായില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഇടത് വലത് മുന്നണികള്‍ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് കടക്കുന്നു. സെപ്റ്റംബര്‍ 23ന് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ തിങ്കളാഴ്ച യു.ഡി.എഫ് അടിയന്തിര നേതൃയോഗം വിളിച്ചു. ബുധനാഴ്ചയാണ് എല്‍.ഡി.എഫിന്റെ നേതൃയോഗം. അരനൂറ്റാണ്ടായി വലതുകോട്ടയായി അറിയപ്പെടുന്ന പാലായില്‍ ജയിക്കേണ്ടത് യു.ഡി.എഫിനും ലോകസഭാ തിരഞ്ഞെടുപ്പിലെ വമ്പന്‍ തോല്‍വിയുടെ നാണക്കേട് മാറ്റാന്‍ എല്‍.ഡി.എഫിനും വിജയം കൂടിയേതീരു.

ക്രിസ്ത്യന്‍ വോട്ടുകള്‍ക്ക് മേധാവിത്വമുളള പാലായില്‍ ബിജെപിക്കും അവര്‍ നേതൃത്വ നല്‍കുന്ന എന്‍.ഡി.എയ്ക്കും വലിയ സാധ്യതകളില്ല. എങ്കിലും പാലായില്‍ സ്വാധീനമുളള പി.സി. ജോര്‍ജ് എന്‍.ഡി.എ ക്യാംപിലേക്ക് വന്ന സാഹചര്യത്തില്‍ ഒരുകൈ നോക്കാന്‍ തന്നെയാണ് ബിജെപിയുടെയും തീരുമാനം.

ഉപതിരഞ്ഞെടുപ്പ് ജയത്തേക്കാള്‍ യു.ഡി.എഫിന് മുന്നിലുളള പ്രധാന വെല്ലവിളി കേരളാ കോണ്‍ഗ്രസ് (എം)നെ തര്‍ക്കങ്ങള്‍ തീര്‍ത്ത് ഒറ്റക്കെട്ടായി അണിനിരത്തുകയാണ്. യു.ഡി.എഫിന്റെ അടിയന്തരയോഗത്തിലെ പ്രധാന ചര്‍ച്ചാവിഷയവും അതുതന്നെയാകും. ചെയര്‍മാന്‍ സ്ഥാനത്തെച്ചൊല്ലി ഭിന്നിച്ചുനില്‍ക്കുന്ന പി.ജെ ജോസഫ് – ജോസ് കെ മാണി വിഭാഗങ്ങള്‍ തിരഞ്ഞെടുപ്പ് ജയത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് മുന്നണി നേതൃത്വത്തിന്റെ സമവായ നിര്‍ദ്ദേശത്തിന് വഴങ്ങിയേക്കും എന്നാണ് പ്രതീക്ഷ.

നിഷ ജോസ് കെ മാണിയാണ് സ്ഥാനാര്‍ത്ഥിയെങ്കില്‍ പിന്തുണയ്ക്കാമെന്ന് ജോസഫ് വിഭാഗം കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ സന്ദേശം ഉള്‍ക്കൊണ്ടുളള പ്രതികരണമാണ് അതെന്നാണ് സൂചന. പാലാ സീറ്റ് മാണി കുടൂംബത്തില്‍ തന്നെ നിര്‍ത്തണമെന്നുളളത് കൊണ്ട് ജോസ് കെ മാണിക്കും ഭാര്യ നിഷയെ മത്സരിപ്പിക്കാനാണ് താല്‍പര്യം. അടുത്ത അസംബഌ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് അധികാരത്തില്‍ തിരിച്ചെത്തുകയാണെങ്കില്‍ രാജ്യസഭാംഗത്വം ഉപേക്ഷിച്ച് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങിവരാനാണ് ജോസ് കെ മാണിയുടെ പദ്ധതി. അതിന് ഭാര്യയെ മത്സരിച്ച് ജയിപ്പിക്കുന്നതാണ് എളുപ്പം. ഇപ്പോള്‍ രാജ്യസഭാംഗത്വം രാജിവെച്ച് പാലായില്‍ മത്സരിക്കാനിറങ്ങിയില്‍ രാജ്യസഭയിലേക്ക് വരുന്ന ഒഴിവില്‍ എല്‍.ഡി.എഫ് വിജയിക്കും. ഇതുകൊണ്ടാണ് ഇപ്പോള്‍ നിഷയെ മത്സരിപ്പിക്കേണ്ടത് ജോസ് കെ മാണിയുടെ കൂടി ആവശ്യമാണ്. ഇത് മനസിലാക്കി സമവായത്തിന് തയാറാകാന്‍ ജോസ് കെ മാണിയും സന്നദ്ധമായേക്കുമെന്നാണ് യു.ഡി.എഫ് നേതൃത്വത്തിന്റെ പ്രതീക്ഷ.കേരളാ കോണ്‍ഗ്രസ് ഒറ്റക്കെട്ടായി നിന്നാല്‍ പാലായില്‍ അനായാസജയം നേടാമെന്നാണ് യു.ഡി.എഫിന്റെ വിശ്വാസം.

ലോകസഭാ തിരഞ്ഞെടുപ്പ് തോല്‍വി സ്ഥിരം പ്രവണതയല്ലെന്ന് തെളിയിക്കേണ്ട ബാധ്യതയാണ് പാലാ ഉപതിരഞ്ഞെടുപ്പ് എല്‍.ഡി.എഫ് നേതൃത്വത്തില്‍ ഏല്‍പ്പിച്ചിരിക്കുന്ന ഉത്തരവാദിത്തം.സര്‍ക്കാരിന്റെ വിലയിരുത്തല്‍ കൂടി നടക്കുന്ന തിരഞ്ഞെടുപ്പില്‍ ഇടത് മു്ന്നണിക്ക് ജയം അനിവാര്യമാണ്.ഇനി അഞ്ച് ഉപതിരഞ്ഞെടുപ്പുകള്‍ കൂടി

വരാനിരിക്കുന്നത് കൊണ്ട് ഇവിടത്തെ ജയത്തിന് പ്രത്യേക പ്രസക്തിയുണ്ട്. ഫലം വിപരീതമായാല്‍ അത് മുന്നണിയുടെ ആത്മവിശ്വാസത്തെ ബാധിക്കും. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 38.76% വോട്ടാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍ പാലായില്‍ നേടിയത്. കേരളാ കോണ്‍ഗ്രിസിലെ അനൈക്യവും മാണി എന്ന അതികായന്റെ അസാന്നിധ്യവും ഉപയോഗപ്പെടുത്തിയാല്‍ ഈ വോട്ട വിഹിതം വര്‍ദ്ധിപ്പിച്ച്
ജയം നേടാമെന്നാണ് പ്രതീക്ഷ. ഉപതിരഞ്ഞെടുപ്പായത് കൊണ്ട് പ്രചാരണത്തില്‍ സംഘടനാ സ്വാധീനം മുഴുവന്‍ ഉപയോഗിക്കാനാവും എന്നതും ഇടത് മുന്നണിയുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നു.

കാലങ്ങളായി എന്‍.സി.പി മത്സരിക്കുന്ന സീറ്റായതിനാല്‍ ഇത്തവണയും അവര്‍ക്ക് തന്നെ നല്‍കിയേക്കും. ഇടയ്ക്ക് സീറ്റ് സി.പി.ഐ.എം ഏറ്റെടുക്കുന്നതിനെ കുറിച്ച് അലോചനയുണ്ടായിരുന്നെങ്കിലും മുന്നണിയിലെ ഐക്യം കണക്കിലെടുത്ത് ആ നീക്കം ഉപേക്ഷിച്ചതായാണ് സൂചന.എന്നാല്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമ്പോള്‍ ജയസാധ്യതയുളള, പൊതുസ്വീകാര്യതയുളള സ്ഥാനാര്‍ത്ഥിയെ വേണമെന്ന് സി.പി.ഐ.എം ആവശ്യപ്പെടും. ഇപ്പോഴത്തെ സ്ഥിതിക്ക് മാണി.സി.കാപ്പന്‍ അല്ലാതെ എന്‍.സി.പിക്ക് മറ്റ് സ്ഥാനാര്‍ത്ഥികളില്ല.പാര്‍ട്ടി അദ്ധ്യക്ഷന്‍ തോമസ് ചാണ്ടിയ്ക്കും താല്‍പര്യം കാപ്പനോടാണ്.

ന്യൂനപക്ഷത്തിന് മേല്‍ക്കൈയുളള പാലായില്‍ വലിയൊരു നല്ല മത്സരം കാഴ്ചവെയ്ക്കാമെന്നല്ലാതെ ബി.ജെ.പിക്കും എന്‍.ഡി.എ മുന്നണിക്കും വലിയ സാധ്യതകളൊന്നുമില്ല. ക്രൈസ്തവ ഭൂരിപക്ഷമുളള മണ്ഡലത്തില്‍ ശബരിമല യുവതിപ്രവേശനം പോലെ വൈകാരികവിഷയങ്ങള്‍ക്കും പ്രസക്തിയില്ല.നിലവില്‍ ബിജെപിയാണ് പാലാ സീറ്റില്‍ മത്സരിക്കുന്നത്. ആ തീരുമാനത്തില്‍ മാറ്റം വരുത്തേണ്ടെന്നാണ് ഇന്ന് കാഴിക്കോട് ചേര്‍ന്ന ഭാരവാഹിയോഗത്തിലെയും ധാരണ. അങ്ങനെയെങ്കില്‍ കഴിഞ്ഞ തവണ മത്സരിച്ച കോട്ടയം ജില്ലാ പ്രസിഡന്റ് എന്‍. ഹരി തന്നെയാകും സ്ഥാനാര്‍ത്ഥി.

2106ല്‍ 17.76% വോട്ടാണ് ഹരി നേടിയത്. ഹരിയ്‌ക്കൊപ്പം മുന്‍സംസ്ഥാന വക്താവ് ജയസൂര്യനെയും സ്ഥാനാര്‍ത്ഥിത്വത്തിലേക്ക് പരിഗണിക്കുന്നുണ്ട്. പക്ഷേ മുരളിധരപക്ഷക്കാരാനായ ജയസൂര്യനോട് സംസ്ഥാന നേതൃത്വത്തിന് അത്രതാല്‍പര്യമില്ലെന്നാണ് സൂചന. പാലായില്‍ മത്സരിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച് സഖ്യത്തിലെ ഘടകകക്ഷിയായ പി.സി. തോമസ് രംഗത്തെത്തിയിട്ടുണ്ട്. മാണി കോണ്‍ഗ്രസിന്റെ പഴയ നേതാവായ തോമസ് മത്സരത്തിന് വന്നാല്‍ മത്സരം കടുക്കും.