തിരഞ്ഞെടുപ്പ് ദിവസവും കേരളാ കോണ്‍ഗ്രസില്‍ തമ്മിലടി; പ്രതികൂലമാകുമെന്ന് യു.ഡി.എഫിന് ഭയം

പാല ഉപ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേരളാ കോണ്‍ഗ്രസില്‍ തുടങ്ങിയ വാക്കുതര്‍ക്കങ്ങളും തമ്മിലടികളും തിരഞ്ഞെടുപ്പ് ദിനവും തുടരുന്നു. രാവിലെ തന്നെ ജോസഫ് വിഭാഗവും ജോസ് വിഭാഗവും തമ്മില്‍ വാക്ക്‌പോര് തുടങ്ങിയതോടെ യു.ഡി.എഫ് കൂടുതല്‍ പ്രതിസന്ധിയിലായി.

ഉച്ച ഒന്നരയോടെ തന്നെ 50 ശതമാനം പോളിങ് രേഖപ്പെടുത്തി തിരഞ്ഞെടുപ്പ് മുന്നേറുമ്പോള്‍ നേതാക്കളുടെ നിലപാട് പ്രതികൂലമാകുമെന്നാണ് യു.ഡി.എഫിന് ഭയം.

പി.ജെ ജോസഫ് പക്ഷത്തെ നേതാവ് ജോയ് അബ്രഹാമാണ് പുതിയ വിവാദത്തിന് തുടക്കമിട്ടത്. “”മാണിസാര്‍ കുശാഗ്രബുദ്ധിയായിരുന്നു, തന്ത്രശാലിയായിരുന്നു. എന്നാല്‍ മറ്റ് ചിലര്‍ അങ്ങനല്ല, അവര്‍ക്ക് കുടിലബുദ്ധിയും കുതന്ത്രങ്ങളുമേയുള്ളൂ””- ജോയ് അബ്രഹാം പ്രതികരിച്ചു.

കെ എം മാണിയുടെ പിന്തുടര്‍ച്ചാവകാശം ഒരു കുടുംബത്തിനല്ല, കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിക്കാണ്. ഇപ്പോഴത്തെ പ്രശ്‌നം മുഴുവന്‍ അതിന്റെ അടിസ്ഥാനത്തിലാണ്. പാലായില്‍ ഒന്നിച്ചുള്ള പ്രവര്‍ത്തനം ഉണ്ടായോ എന്ന് പറയേണ്ടത് കോണ്‍ഗ്രസാണ്. യുഡിഎഫ് വിടുന്ന പ്രശ്‌നമില്ല. യു.ഡി.എഫിലെ യഥാര്‍ത്ഥ ഘടകകക്ഷി പി.ജെ ജോസഫ് നേതൃത്വം നല്‍കുന്ന കേരളാ കോണ്‍ഗ്രസാണ്. അതിന് ജോസ് കെ മാണി വിഭാഗത്തിന്റെ അംഗീകാരമൊന്നും ജോസഫിന് വേണ്ട. പാര്‍ട്ടിയിലെ ബഹുഭൂരിപക്ഷവും പി.ജെ ജോസഫിനൊപ്പമാണെന്നും ജോയ് അബ്രഹാം കൂട്ടിചേര്‍ത്തു.

ഇതിനു പിന്നാലെ രണ്ടില ചിഹ്നം നഷ്ടപ്പെടുത്തിയത് ഭൂരിപക്ഷത്തെ ബാധിക്കുമെന്നും അതിന് കാരണക്കാരന്‍ ജോസ് കെ മാണി പക്ഷമാണെന്നും പറഞ്ഞ് സജി മഞ്ഞകടമ്പിലും ആക്രമണത്തിന് മൂര്‍ച്ച കൂട്ടി. എല്ലാത്തിനും യു.ഡി.എഫില്‍ പരാതി നല്‍കുമെന്നായിരുന്നു ജോസ് കെ മാണി പക്ഷത്തിന്റെ നിലപാട്. എന്നാല്‍ താന്‍ ആരുടേയും പേര് പറഞ്ഞിട്ടില്ലെന്നും മാണി സാറിന്റെ തന്ത്രങ്ങളും കുശാഗ്രബുദ്ധിയുമാണ് തങ്ങള്‍ അനുകരിക്കുന്നതെന്നുമായിരുന്നു ഇതിനോടുള്ള ജോയി എബ്രഹാമിന്റെ പ്രതികരണം.

ജോയ് എബ്രഹാമിന്റെ പ്രസ്താവനയ്‌ക്കെതിരെ പരാതിയുമായി ജോസ് കെ. മാണി യുഡിഎഫ് നേതൃത്വത്തെ സമീപിച്ചു. സംഭവത്തില്‍ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും അടക്കമുള്ള നേതാക്കള്‍ പി.ജെ.ജോസഫിനെ അതൃപ്തി അറിയിച്ചു. ജോയ് എബ്രഹാമിന്റെ വാദങ്ങള്‍ തെറ്റാണെന്നും, യുഡിഎഫ് വിജയം ഉറപ്പാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. പോളിങ് ദിവസം വിവാദ പ്രസ്താവനകള്‍ ഇറക്കിയത് അനുചിതമാണെന്ന് യു.ഡി.എഫ് സെക്രട്ടറി ജോണി നെല്ലൂരും പ്രതികരിച്ചു.