കടല്‍ വഴിയുള്ള ലഹരി കടത്തിന് പാക് ബന്ധം , വെളിപ്പെടുത്തല്‍

പാക്കിസ്ഥാനിലെ ലഹരി മാഫിയയ്ക്കുവേണ്ടിയാണ് ബോട്ടില്‍ ഹെറോയിന്‍ കടത്തിയതെന്ന് വെളിപ്പെടുത്തി കൊച്ചിയില്‍ പിടിയിലായ ഇറാനിയന്‍ സംഘം. അഫ്ഗാനിസ്ഥാനില്‍ നിന്നെത്തിച്ച ലഹരിമരുന്ന് ഉള്‍ക്കടലില്‍വച്ച് മറ്റൊരു സംഘത്തിന് കൈമാറണമെന്നായിരുന്നു ലഭിച്ച നിര്‍ദ്ദേശം.

ആയിരം കോടിയിലേറെ രൂപ വിലമതിക്കുന്ന 210 കിലോ ലഹരിമരുന്നുമായെത്തിയ ബോട്ട് ഇന്നലെയാണ് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയും നാവികസേനയും ചേര്‍ന്ന് പിടിച്ചത്.ബോട്ടിലുണ്ടായിരുന്ന സാറ്റലൈറ്റ് ഫോണില്‍ നിന്നാണ് കേന്ദ്ര ഏജന്‍സികള്‍ക്ക് ലഹരി കടത്തിന്റെ വിശദാംശങ്ങള്‍ ലഭിച്ചത്.

ബോട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്ത ആറ് ഇറാനിയന്‍ പൗരന്മാരെയും നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഇന്ന് വിശദമായി ചോദ്യം ചെയ്യും. അബ്ദുള്‍ നാസര്‍, റഷീദ്, അബ്ദുല്‍ ഔസാര്‍നി, ജുനൈദ്, അബ്ദുള്‍ ഖനി, അര്‍ഷാദ് അലി എന്നിവരാണ് കസ്റ്റഡിയിലുള്ളത്.

പാകിസ്ഥാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മാഫിയ ഉള്‍ക്കടലില്‍ ലഹരിമരുന്ന് എത്തിക്കേണ്ട സ്ഥലം സാറ്റലൈറ്റ് ഫോണ്‍ വഴി നിര്‍ദേശിക്കും. ഉള്‍ക്കടലില്‍ കാത്തു നില്‍ക്കുന്ന മറ്റൊരു സംഘത്തിന് ഇത് കൈമാറും. അഫ്ഗാനിസ്ഥാനില്‍ നിന്ന് ഇറാനിലെ തുറമുഖങ്ങളിലെത്തുന്ന ലഹരിമരുന്നാണ് ഇറാനിയന്‍ സംഘങ്ങള്‍ ഉള്‍ക്കടലില്‍ വച്ച് കൈമാറുന്നത്.