'പെയിന്റടി വിപ്‌ളവം'; എം.എല്‍.എ ആയിരിക്കെ കൂറുമാറി എതിര്‍മുന്നണിയില്‍ എത്തിയ നേതാവിനോട് പഴയ പാര്‍ട്ടിക്കാരുടെ പ്രതികാരം

എം.എല്‍.എ ആയിരിക്കെ കൂറുമാറി എതിര്‍മുന്നണിയിലെത്തി വീണ്ടും നിയമസഭയിലേക്ക് പോയ നേതാവിനോട് പഴയ പാര്‍ട്ടിക്കാര്‍ പകരം വീട്ടുന്നത് എങ്ങനെയെന്ന് കാണണമെങ്കില്‍ ഇങ്ങ് നെയ്യാറ്റിന്‍കരയിലേക്ക് ഒന്നുവരണം. എം.എല്‍.എയുടെ വികസനഫണ്ടില്‍ നിന്നുളള പണം ചെലവഴിച്ച് സ്‌കൂളുകള്‍ക്ക് വാങ്ങിനല്‍കിയ വാഹനങ്ങളിലെ എം.എല്‍.എയുടെ പേര് ആലേഖനം ചെയ്ത ഭാഗം മായ്ച്ചു കളഞ്ഞാണ് പ്രതികാരം. നെയ്യാറ്റിന്‍കരയിലെ മുന്‍ എം.എല്‍.എ ആര്‍.ശെല്‍വരാജാണ് പേര് മായ്ക്കല്‍ പ്രതികാരത്തിന്റെ ഇര. വാഹനങ്ങളിലെ പേര് മായ്ക്കല്‍ പതിവായതോടെ നിയമസഭയില്‍ ചോദ്യം ചോദിച്ചെങ്കിലും വാങ്ങി നല്‍കിയ വാഹനങ്ങളുടെ കണക്ക് ഒന്നുകൂടി ഓര്‍ക്കാന്‍ പറ്റിയതൊഴിച്ചാല്‍ പ്രത്യേകിച്ച് ഗുണമൊന്നും ഉണ്ടായില്ല. പേര് പെയിന്റടിച്ച് മായ്ച്ചിട്ടുണ്ടോ, മായ്ച്ചവര്‍ക്കെതിരെ നടപടി എടുക്കുമോ തുടങ്ങി ചോദ്യം തിരിച്ചും മറിച്ചും ചോദിച്ചെങ്കിലും ശ്രദ്ധയില്‍ പെട്ടിട്ടില്ല എന്ന പല്ലവി ആവര്‍ത്തിച്ചു കൊണ്ടേയിരുന്നു.

നെയ്യാറ്റിന്‍കര എം.എല്‍.എ ആയിരിക്കെ ആര്‍.ശെല്‍വരാജ് മൊത്തം 13 വാഹനങ്ങളാണ് വികസന ഫണ്ടിലെ പണം ഉപയോഗിച്ച് വാങ്ങി നല്‍കിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതോടെയാണ് വാഹനങ്ങളില്‍ പേര് രേഖപ്പെടുത്തിയിരുന്ന ഭാഗം പെയിന്റടിച്ച് മറയ്ക്കുന്ന പ്രതിഭാസം കണ്ടു തുടങ്ങിയത്. പെയിന്റടിച്ച് പേര് മറയ്ക്കല്‍ വ്യാപിക്കാന്‍ തുടങ്ങിയപ്പോഴാണ് യാദൃശ്ചികമായി സംഭവിക്കുന്നതല്ലെന്ന് വ്യക്തമായത്. അങ്ങനെയാണ് നിയമസഭയില്‍ ചോദ്യം ഉന്നയിക്കുന്നത്. അങ്കമാലി എം.എല്‍.എ റോജി.എം.ജോണാണ് നക്ഷത്രചിഹ്നമിടാത്ത 4842 നമ്പര്‍ ചോദ്യമായി വിഷയം ഉന്നയിച്ചത്. രേഖാമൂലം മറുപടി നല്‍കിയ പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫസര്‍ സി.രവീന്ദ്രനാഥ് പക്ഷേ ചോദ്യകര്‍ത്താവിന്റെ പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ല. സര്‍ക്കാര്‍ വിദ്യാലയങ്ങളുടെ ഭരണം തദ്ദേശസ്ഥാപനങ്ങള്‍ക്കാണ്. നെയ്യാറ്റിന്‍കരയിലെ ഭൂരിപക്ഷം തദ്ദേശസ്ഥാപനങ്ങളിലും ഇടത് മേധാവിത്വമായത് കൊണ്ട് പെയിന്റടി വിപ്‌ളവത്തിന് മുന്നില്‍ ശെല്‍വരാജ് പകച്ച് നില്‍ക്കുകയാണ്.

2011-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ നെയ്യാറ്റിന്‍കരയില്‍ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആര്‍.ശെല്‍വരാജ് 2012 മാര്‍ച്ച് 9-നാണ് രാജിവെച്ച് കോണ്‍ഗ്രസിലേക്ക് പോയത്. പിന്നീട് നടന്ന ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച അദ്ദേഹം 6334 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കുകയും ചെയ്തു. കേവല ഭൂരിപക്ഷത്തേക്കാള്‍ ഒരു എം.എല്‍.എയുടെ മാത്രം പിന്തുണ ഉണ്ടായിരുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് വലിയ ആശ്വാസമായിരുന്നു ഈ വിജയം. എന്നാല്‍ 2016-ല്‍ വീണ്ടും ജനവിധി തേടിയ ശെല്‍വരാജ് സി.പി.എമ്മിലെ കെ.ആന്‍സലനോട് പരാജയപ്പെട്ടു. കോണ്‍ഗ്രസ് നേതാവായി ഇപ്പോഴും രാഷ്ട്രീയരംഗത്ത് സജീവമായി നില്‍ക്കുന്ന ശെല്‍വരാജിനോട് തിരുവനന്തപുരത്തെ സി.പി.എം നേതൃത്വത്തിന് ഇപ്പോഴും കടുത്ത എതിര്‍പ്പാണ്. അതാണ് പാര്‍ട്ടിയുടെ പോഷകസംഘടനകള്‍ക്ക് സ്വാധീനമുളള സ്‌കൂളുകളിലെ വാഹനങ്ങളിലെ പേര് മായ്ക്കലിലും തെളിയുന്നത്.