പത്മം താമസിച്ചിരുന്നത് തനിച്ച്, തിരുവല്ലയില്‍ എത്തിയത് ഷിഹാബിനൊപ്പം, തുമ്പായത് ഫോണ്‍ സിഗ്നല്‍

കോഴഞ്ചേരിക്കടുത്ത് ഇലന്തൂരില്‍ രണ്ട് സ്ത്രീകളെ നരബലി കൊടുത്ത് കൊന്ന് കഷണങ്ങളാക്കിയ സംഭവത്തില്‍ അന്വേഷണത്തിന് തുമ്പായത് പൊന്നുരുന്നി പഞ്ചവടി കോളനി സ്വദേശി പത്മത്തിനെ കാണാനില്ലെന്ന പരാതി. കടവന്ത്രയില്‍ ലോട്ടറി വില്‍പ്പന നടത്തിയിരുന്ന പത്മത്തെ സെപ്തംബര്‍ 26നാണ് കാണാതായത്.

കടവന്ത്രയില്‍ ലോട്ടറി വില്‍പ്പനക്കാരിയായിരുന്നു പത്മം. പൊന്നുരുന്നിയില്‍ തനിച്ചായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. പത്മത്തിന്റെ ബന്ധുക്കള്‍ തമിഴ്നാട്ടിലാണ് താമസം. പത്മത്തെ എല്ലാ ദിവസവും മകന്‍ ഫോണില്‍ ബന്ധപ്പെടാറുണ്ടായിരുന്നു. എന്നാല്‍ സെപ്തംബര്‍ 26ന് മകന്‍ വിളിച്ചപ്പോള്‍ ഇവരെ ഫോണില്‍ കിട്ടാതാവുകയായിരുന്നു.

തുടര്‍ന്ന് അടുത്ത ദിവസങ്ങളിലും ഫോണില്‍ ബന്ധപ്പെട്ടെങ്കിലും ഫോണില്‍ കിട്ടാതായതോടെ പത്മത്തിന്റെ വീടിനടുത്ത് താമസിക്കുന്നവരെ ബന്ധപ്പെടുകയും പത്മം വീട്ടില്‍ ഇല്ലെന്ന് തിരിച്ചറിയുകയുമായിരുന്നു. തുടര്‍ന്ന് മകന്‍ എത്തി കടവന്ത്ര പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.

ഈ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കാലിടിയിലെ ഒരു സ്ത്രീയേയും ബലി നല്‍കിയെന്ന് തെളിഞ്ഞത്. സംഭവത്തില്‍ ഏജന്റായി പ്രവര്‍ത്തിച്ച ഷിഹാബിനൊപ്പം പത്മം തിരുവല്ലയിലേക്ക് പോയത്. തിരുവല്ലയിലാണ് പത്മത്തിന്റെ ഫോണ്‍ സിഗ്നല്‍ അവസാനമായി ലഭിച്ചത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണു കൊലപാതവിവരം പുറത്തുവന്നത്.

സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിരുവല്ല സ്വദേശി ഭഗവന്ത് സിംഗ്, ഭാര്യ ലൈല, സ്ത്രീകളെ കടത്തിക്കൊണ്ടുപോയ ഏജന്റ് മുഹമ്മദ് ഷാഫി എന്ന ഷിഹാബ് എന്നിവരാണ് പിടിയിലായത്. ദുര്‍മന്ത്രവാദത്തിന്റെ ഭാഗമായ നരബലിക്കു വേണ്ടിയാണ് പ്രതി ക്രൂരകൃത്യം ചെയ്തതെന്നു പൊലീസ് പറഞ്ഞു.