കോടതിയുടെ ചെലവില്‍ ചില ജഡ്ജിമാര്‍ നടത്തുന്ന പരാമര്‍ശം ജനാധിപത്യത്തോടുളള ബഹുമാനക്കുറവ്; വിദേശയാത്ര വിമര്‍ശനത്തിന് മറുപടിയുമായി സ്പീക്കര്‍

മന്ത്രിമാരുടെ വിദേശയാത്രയെ കുറിച്ചുള്ള ഹൈക്കോടതി വിമര്‍ശനത്തിനെതിരെ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ രംഗത്ത്. കോടതിയുടെ ചെലവില്‍ ചില ജഡ്ജിമാര്‍ നടത്തുന്ന പരാമര്‍ശങ്ങള്‍ ജനാധിപത്യത്തോടുള്ള ബഹുമാനക്കുറവാണെന്ന് അദ്ദേഹം പ്രതികരിച്ചു.

വായില്‍ തോന്നിയത് കോതയ്ക്ക് പാട്ടെന്ന പോലെയുള്ള ചില ജഡ്ജിമാരുടെ വിമര്‍ശനം ശരിയല്ല. ജനം തിരഞ്ഞെടുത്ത സര്‍ക്കാരിന് മുകളിലല്ല ജഡ്ജിമാരെന്നും സ്പീക്കര്‍ വിമര്‍ശിച്ചു. ദോഹയില്‍ ഇന്ത്യന്‍ മീഡിയ ഫോറം സംഘടിപ്പിച്ച മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മന്ത്രിമാര്‍ക്ക് താല്‍പര്യം വിദേശയാത്രയില്‍, കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ല എന്നായിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശം. കാര്‍ഷിക വകുപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി വിധി നടപ്പാക്കാത്തതിനെതിരെയുള്ള കോടതിയലക്ഷ്യ ഹരജി പരിഗണിക്കവെയാണ് സംസ്ഥാന സര്‍ക്കാറിനെതിരെയുള്ള കോടതിയുടെ വാക്കാലുള്ള രൂക്ഷ വിമര്‍ശനമുണ്ടായിരുന്നത്. വിധി നടപ്പാക്കാന്‍ സര്‍ക്കാരിന് കഴിയില്ലെങ്കില്‍ ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നതില്‍ അര്‍ഥമില്ലെന്നു കോടതി വ്യക്തമാക്കിയിരുന്നു.