"കേരളത്തിൽ വ്യവസായം നടത്തുന്ന തനിക്ക് ഒരു പ്രയാസവും ഇതുവരെ നേരിട്ടിട്ടില്ല": ടി.എസ് പട്ടാഭിരാമന്റെ അഭിപ്രായം പങ്കുവെച്ച് പി. രാജീവ്

വ്യവസായ മേഖലയിൽ വഴിത്തിരിവ് കുറിക്കുന്ന മാറ്റമാണ് എൽ ഡി എഫ് സർക്കാരിന് കീഴിൽ ഉണ്ടായതെന്ന് കേരളത്തിലെ വ്യവസായ മേഖലയിൽ നേതൃ പങ്കുവഹിക്കുന്ന സംരംഭകർ അഭിപ്രായപ്പെട്ടതായി വ്യവസായ മന്ത്രി പി.രാജീവ്. ഫിക്കി സംഘടിപ്പിച്ച വ്യവസായ വാണിജ്യ സംരംഭകരുമായി നടത്തിയ ആശയ വിനിമയ പരിപാടിയുടെ അനുഭവം പങ്കുവയ്ക്കുകയായിരുന്നു വ്യവസായ മന്ത്രി ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ. കേരളത്തിൽ കഴിഞ്ഞ 25 വർഷമായി വ്യവസായം നടത്തുന്ന തനിക്കു ഒരു പ്രയാസവും ഇതുവരെ നേരിട്ടിട്ടില്ല എന്ന് ടെക്സ്റ്റൈൽ രംഗത്തെ പ്രമുഖ സ്ഥാപനമായ കല്യാൺ സിൽക്സ് ചെയർമാൻ ടി.എസ് പട്ടാഭിരാമൻ പറഞ്ഞതായി മന്ത്രി പറഞ്ഞു. സർക്കാരിൽ നിന്ന് പൂർണ സഹകരണമാണ് ലഭിച്ചത്. പരാതികൾ ഉന്നയിക്കപ്പെട്ടാൽ അവ ഉടനടി പരിഹരിക്കുന്നതിന് സംവിധാനം ഉണ്ടാക്കണമെന്ന ടി.എസ് പട്ടാഭിരാമന്റെ അഭിപ്രായം നടപ്പാക്കുന്നതിലേക്ക് സർക്കാർ കടന്നു എന്നും മന്ത്രി കുറിപ്പിൽ പറഞ്ഞു.

കുറിപ്പിന്റെ പൂർണരൂപം:

അത്യധികം സന്തോഷം പകർന്ന, ഉള്ളടക്കം കൊണ്ട് സമ്പുഷ്ടമായ ഒരു സംവാദത്തെക്കുറിച്ചുള്ള വിശേഷം പങ്കുവെക്കാം.

വ്യവസായ വാണിജ്യ സംരംഭകരുമായി ഒരു ആശയ വിനിമയ പരിപാടിക്ക് ഫിക്കി എന്നെ ക്ഷണിച്ചിരുന്നു. കേരളത്തിലെ വ്യവസായ മേഖലയിൽ നേതൃ പങ്കുവഹിക്കുന്ന സംരംഭകർക്ക് പറയാനുള്ളത് കേട്ടു.

വ്യവസായ മേഖലയിൽ വഴിത്തിരിവ് കുറിക്കുന്ന മാറ്റമാണ് എൽ ഡി എഫ് സർക്കാരിന് കീഴിൽ ഉണ്ടായതെന്ന് യോഗത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടത് അഭിമാനകരമാണ്. നിക്ഷേപത്തിന് അനുകൂലമായ ഒട്ടേറെ സാഹചര്യങ്ങൾ ഉള്ള സംസ്ഥാനമാണ് കേരളമെന്ന് അധ്യക്ഷത വഹിച്ച ഫിക്കി കേരള കോ ചെയർമാൻ ശ്രീ.ദീപക് അശ്വിനി പറഞ്ഞു. നൈപുണ്യ മികവുള്ള തൊഴിലാളികൾ, മെച്ചപ്പെട്ട മനുഷ്യശേഷി, അടിസ്ഥാന സൗകര്യങ്ങൾ, കമ്മ്യൂണിക്കേഷൻ സൗകര്യങ്ങൾ, വൈദ്യുതി നിരക്കിലെ കുറവ് തുടങ്ങിയ ഘടകങ്ങൾ ഏറെ അനുകൂല സാഹചര്യമൊരുക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഐ ടി, ഭക്ഷ്യ, കാർഷികോല്പന്ന വ്യവസായം, പ്ളാന്റേഷൻ , എം എസ് എം ഇ വ്യവസായമേഖലകളിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ കേരളത്തിന് കഴിയുന്നുണ്ട്. വ്യവസായ അനുമതികൾ ഏക ജാലക സംവിധാനത്തിലൂടെ നൽകുന്ന കെ സ്വിഫ്റ്റ് പുതിയ സംരംഭങ്ങൾ എളുപ്പമാക്കുന്നു. ഈസ് ഓഫ് ഡൂയിങ് ബിസിനസ്സ് റാങ്കിങ് മെച്ചപ്പെടുത്താനുള്ള സർക്കാർ ശ്രമങ്ങളോട് പൂർണമായും സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇനി, ടെക്സ്റ്റൈൽ രംഗത്തെ പ്രമുഖ സ്ഥാപനമായ കല്യാൺ സിൽക്സ് ചെയർമാൻ ശ്രീ.ടി.എസ് പട്ടാഭിരാമൻ പറഞ്ഞത് നോക്കുക.

കേരളത്തിൽ കഴിഞ്ഞ 25 വർഷമായി വ്യവസായം നടത്തുന്ന തനിക്കു ഒരു പ്രയാസവും ഇതുവരെ നേരിട്ടിട്ടില്ല എന്ന് അദ്ദേഹം പറഞ്ഞു. സർക്കാരിൽ നിന്ന് പൂർണ സഹകരണമാണ് ലഭിച്ചത്. പരാതികൾ ഉന്നയിക്കപ്പെട്ടാൽ അവ ഉടനടി പരിഹരിക്കുന്നതിന് സംവിധാനം ഉണ്ടാക്കണമെന്ന അദ്ദേഹത്തിന്റെ അഭിപ്രായം നടപ്പാക്കുന്നതിലേക്ക് സർക്കാർ കടന്നു.

സംസ്ഥാനത്തിന്റെ വ്യവസായ വികസനത്തിന് എല്ലാവരുടെയും കൂട്ടായ്മ രൂപപ്പെടുത്താനാണ് സർക്കാർ ശ്രമിക്കുന്നത്. ക്രിയാത്മക നിർദേശങ്ങൾ സർക്കാർ സ്വാഗതം ചെയ്യും. തർക്ക പരിഹാരത്തിനായി ഏർപ്പെടുത്തുന്ന സംവിധാനത്തെക്കുറിച്ച് ബന്ധപ്പെട്ട എല്ലാവരുമായും ചർച്ച നടത്തും.

വ്യാവസായിക ആവശ്യത്തിനായുള്ള ഭൂമി വിനിയോഗത്തിനു ഏകീകൃത നയം ഉണ്ടാക്കും. ഇതിന്റെ കരട് റിപ്പോർട്ട് സർക്കാരിന് ലഭിച്ചിട്ടുണ്ട്. സ്ഥാപനങ്ങളിൽ പരിശോധനക്കായി കേന്ദ്രീകൃത സംവിധാനത്തിന് രൂപം നൽകും.വ്യവസായ പ്രോത്സാഹനത്തിനായി തദ്ദേശ സ്ഥാപനങ്ങൾക്ക് പുരസ്കാരം ഏർപ്പെടുത്തുന്ന കാര്യം തദ്ദേശ വകുപ്പുമായി ചർച്ച ചെയ്യും. സ്ഥാപന പരിശോധനക്ക് വേണ്ടിയുള്ള പരാതികളിൽ കഴമ്പുണ്ട് എന്ന് വകുപ്പ് ഇതിനായി ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥന് ബോധ്യപ്പെട്ടാൽ മാത്രമേ പരിശോധനക്ക് അനുമതി നൽകൂ. കാലഹരണപ്പെട്ട ചട്ടങ്ങളിൽ മാറ്റം വരുത്തും. നിക്ഷേപകരുടെയും വ്യവസായികളുടെയും നിർദേശങ്ങൾ ഉൾക്കൊണ്ടു ഏതു മാറ്റങ്ങൾക്കും സന്നദ്ധമാണ്.

ഓൺലൈനായി നടന്ന സംവാദ പരിപാടിയിൽ ഫിക്കി അംഗങ്ങളും വിവിധ ചേംബർ ഓഫ് കൊമേഴ്‌സ്, സംഘടനാ ഭാരവാഹികളും നിർദേശങ്ങൾ അവതരിപ്പിച്ചു.