ലീഗ് സ്ഥാനാർത്ഥികളെ ഏഴിന് ശേഷം പ്രഖ്യാപിക്കും; ‌ ‌സ്ഥാനാർത്ഥി പട്ടിക തയ്യാറായെന്ന് കുഞ്ഞാലിക്കുട്ടി

നിയമസഭാ തിരഞ്ഞെടുപ്പിൻറെ മുസ്ലീം ലീഗ് സ്ഥാനാർത്ഥികളെ മാർച്ച് ഏഴിന് ശേഷം പ്രഖ്യാപിക്കുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി.

മലപ്പുറം ലോക്സഭാ ഉപ തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥിയേയും നിയമസഭാ സ്ഥാനാർത്ഥികളേയും ഒരുമിച്ചായിരിക്കും പ്രഖ്യാപിക്കുക. സ്ഥാനാർത്ഥി നിർണയത്തിനായി ഈ മാസം ഏഴിന് വീണ്ടും യോഗം ചേരും.

ജില്ലാ ഭാരവാഹികളും യോഗത്തിൽ പങ്കെടുക്കും. യുഡിഎഫ് സീറ്റ് വിഭജനം അന്തിമഘട്ടത്തിലാണെന്നും തർക്കങ്ങൾ ഇല്ലാതെ സീറ്റ് വിഭജനം പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാണക്കാട് ചേർന്ന ലീഗ് നേതൃയോഗത്തിന് ശേഷമാണ് പികെ കുഞ്ഞാലിക്കുട്ടി കാര്യങ്ങൾ വിശദീകരിച്ചത്. സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ അദ്ധ്യക്ഷതയിലായിരുന്നു യോഗം.

യുഡിഫുമായിട്ടുള്ള സീറ്റ് വിഭജനത്തിൽ തീർക്കാവുന്ന ചില പ്രശ്‌നങ്ങൾ കൂടി ബാക്കിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫുമായി ഇതുവരെ നടന്ന ചർച്ച വിലയിരുത്തുകയാണ് ഇന്ന് ചെയ്തത്.

Read more

മുസ്ലിം ലീഗിന് അധികമായി ലഭിച്ച മൂന്ന് സീറ്റുകൾ ഏതെല്ലാമെന്ന് പറയാൻ അദ്ദേഹം തയ്യാറായില്ല. യുഡിഎഫുമായി ഇനിയും ചർച്ചകളുണ്ട്. ചില സീറ്റുകൾ വെച്ചുമാറുന്നതടക്കമുള്ള വിഷയങ്ങളിൽ തീരുമാനങ്ങൾ അന്തിമമായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.