പി. ശശിയുടെ നിയമനം ഏകകണ്ഠമായി തീരുമാനിച്ചത്, മറ്റ് വാര്‍ത്തകള്‍ മാധ്യമ സൃഷ്ടി: പി. ജയരാജന്‍

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി പി ശശിയെ നിയമിച്ചത് ഏകകണ്ഠമായിട്ടാണെന്ന് പി ജയരാജന്‍. ഭരണ രംഗത്ത് മികച്ച അനുഭവമുള്ള ആളാണ് പി ശശി. അദ്ദേഹത്തിന് ഫലപ്രദമായി ചുമതല നിര്‍വഹിക്കാനാകും എന്നാണ് വിശ്വാസം. സിപിഎം സംസ്ഥാന കമ്മിറ്റി ഏകകണ്ഠമായി കൈക്കൊണ്ട തീരുമാനമാണ്. ആ തീരുമാനത്തില്‍ താനും പങ്കാളിയാണ്. മറ്റ് വാര്‍ത്തകള്‍ മാധ്യമസൃഷ്ടിയാണെന്നും പി ജയരാജന്‍ വ്യക്തമാക്കി. നിയമനത്തില്‍ പി ജയരാജന്‍ എതിര്‍പ്പ് രേഖപ്പെടുത്തിയെന്നുള്ള വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയില്‍ ആരൊക്കെ എന്തൊക്കെ പറഞ്ഞു എന്നത് പുറത്ത് പറയാനാകില്ലെന്ന് പി ജയരാജന്‍ പറഞ്ഞു. ഇന്നലെ ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് പി ശശിയെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി തീരുമാനിച്ചത്.

പി ശശിയ്ക്ക് ഒരു അയോഗ്യതയുമില്ലെന്ന് നേരത്തെ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനും പ്രതികരിച്ചിരുന്നു. നിയമനവുമായി ബന്ധപ്പെട്ട് ഒരു വിവാദവുമില്ല. പാര്‍ട്ടി സംസ്ഥാന കമ്മിറ്റി എല്ലാ തീരുമാനങ്ങളും ഏകകണ്ഠമായാണ് തീരുമാനിച്ചതെന്നും മറ്റുള്ള വാര്‍ത്തകള്‍ എല്ലാം തെറ്റാണെന്നും ജയരാജന്‍ പറഞ്ഞിരുന്നു.

പി ശശി സിപിഎം സംസ്ഥാന കമ്മിറ്റി അംഗമാണ്. ഒരാള്‍ക്കെതിരെ ഒരു പ്രശ്നത്തെ അടിസ്ഥാനമാക്കി നടപടി എടുത്താല്‍ അത് ആജീവനാന്തം തുടരുന്നതല്ല. തെറ്റ് പറ്റാത്തവര്‍ ആരുമില്ല. അത് മനുഷ്യസഹജമാണെന്ന് ഇപി ജയരാജന്‍ പറഞ്ഞു. മുമ്പ് ചെയ്ത തെറ്റുകള്‍ ആവര്‍ത്തിക്കുമോയെന്ന ആശങ്കയുടെ കാര്യമില്ലെന്നും ഇപി ജയരാജന്‍ പറഞ്ഞിരുന്നു.