'പദവിയല്ല, നിലപാടാണ് പ്രധാനം', വിവാദങ്ങളില്‍ പ്രതികരണവുമായി പി.ജയരാജന്‍

സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ പ്രതികരണവുമായി പി ജയരാജന്‍. പദവിയല്ല, നിലപാടാണ് പ്രധാനമെന്ന് അദ്ദേഹം പറഞ്ഞു. പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ എന്തുകിട്ടും എന്നതല്ല പ്രധാനം. സി.പി.എം ഉള്‍പാര്‍ട്ടി ജനാധിപത്യമുള്ള പാര്‍ട്ടിയാണ്. പാര്‍ട്ടി പ്രവര്‍ത്തകര്‍ വിമര്‍ശനങ്ങളും സ്വയം വിമര്‍ശനങ്ങളും നടത്തിയാണ് സി.പി.എം സമ്മേളനങ്ങള്‍ നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കണ്ണൂരില്‍ പാമ്പന്‍ മാധവന്‍ അനുസ്മരണ ചടങ്ങിനിടെയാണ് പ്രതികരണം.

വിമര്‍ശനവും സ്വയം വിമര്‍ശനവും ഉള്ള ഏക പാര്‍ട്ടിയാണ് സി.പി.എം. ഇതു പോലെ ഒരു പ്രക്രിയ കോണ്‍ഗ്രസിനില്ല. പാര്‍ട്ടി തീരുമാനങ്ങള്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തന്നെ നേരത്തെ പറഞ്ഞതാണ്. ഇക്കാര്യത്തില്‍ മാധ്യമങ്ങള്‍ക്ക് ഒളിഞ്ഞുനോട്ട മനോഭാവമാണെന്ന് ജയരാജന്‍ കുറ്റപ്പെടുത്തി.

പി.ജയരാജനെ സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്താത്തതിനെതിരെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. സമൂഹ മാധ്യമങ്ങളില്‍ ജയരാജന്‍ അനുകൂലികള്‍ പ്രതിഷേധം അറിയിച്ചു. റെഡ് ആര്‍മി ഒഫീഷ്യല്‍ എന്ന് ഫെയ്‌സ്ബുക്ക് പേജില്‍ലാണ് പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടത്. സെക്രട്ടേറിയറ്റില്‍ ഇല്ലെങ്കിലും, ജനങ്ങളോടൊപ്പം ഉണ്ടെന്നും, സ്ഥാനമാനങ്ങളില്‍ അല്ല, ജനഹൃദയങ്ങളിലാണ് സ്ഥാനം എന്നുമാണ് പോസ്റ്റ്.

പി.ജെ ആര്‍മിയെന്ന പേരില്‍ സജീവമായിരുന്ന പേജാണ് വ്യക്തികളെ പ്രകീര്‍ത്തിക്കുന്ന തരത്തില്‍ പോസ്റ്റ് ഇടരുതെന്ന പാര്‍ട്ടി നിര്‍ദ്ദേശത്തെ തുടര്‍ന്ന് പിന്നീട് റെഡ് ആര്‍മി എന്ന് മാറ്റിയത്.