'നേതാക്കളുടെ മക്കൾ ചെയ്യുന്ന തെറ്റ് ചുമക്കേണ്ട ബാദ്ധ്യത പാർട്ടിക്കില്ല'; പ്രതികരണവുമായി പി. ജയരാജൻ

ഇടതുപക്ഷ സർക്കാരിനെതിരെ ഉയർന്ന ആരോപണങ്ങളില്‍ പ്രതികരണവുമായി സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജന്‍. നേതാക്കളുടെ മക്കൾ ചെയ്യുന്ന തെറ്റ് ചുമക്കേണ്ട ബാദ്ധ്യത പാർട്ടിക്കില്ലെന്ന് പി.ജയരാജൻ വ്യക്തമാക്കി. പ്രവർത്തകരും നേതാക്കളും ചെയ്യുന്ന കാര്യത്തിന് മാത്രമേ പാർട്ടിക്ക് പ്രതികരിക്കേണ്ട ഉത്തരവാദിത്വമുള്ളൂ. കുടുംബം ചെയ്യുന്ന തെറ്റ് വിശദീകരിക്കേണ്ട ബാദ്ധ്യത പാർട്ടിക്കില്ലെന്നും മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ പി ജയരാജന്‍ പറഞ്ഞു.

സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളിലോ പാര്‍ട്ടി കാര്യങ്ങളിലോ നേതാക്കളുടെ മക്കള്‍ ഇടപെടുന്നത് ശരിയല്ല. സിപിഎം നേതാക്കളെ രണ്ടു തട്ടിലാക്കി ചിത്രീകരിച്ച് മാധ്യമങ്ങള്‍ നടത്തുന്ന പ്രചാരണം ശരിയല്ല. പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താന്‍ നേതൃത്വത്തിനെതിരെ നുണക്കഥകള്‍ പ്രചരിക്കുന്നുണ്ട്. മകന്‍ എന്തെങ്കിലും ഇടപാടില്‍ പെട്ടിട്ടുണ്ടെങ്കില്‍ അത് അവന്‍ തന്നെ നേരിട്ടോളുമെന്ന് കോടിയേരി ബാലകൃഷ്ണന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എതിരാളികള്‍ക്ക് സര്‍ക്കാരിനെ കുറ്റം പറയാന്‍ വിഷയം ഇല്ലാതെ വന്നപ്പോഴാണ് സ്വര്‍ണക്കടത്ത് കേസ് ഉയർത്തുന്നത്. യു.എ.ഇ.യില്‍ നിന്ന് ആര് സ്വര്‍ണം കടത്തിയെന്നതാണ് കേസിൽ പ്രധാനം. കോണ്‍സുലേറ്റില്‍ സ്വര്‍ണക്കടത്തിന് ആരാണ് കൂട്ടു നിന്നത്. ഇവിടെയെത്തിയ സ്വര്‍ണത്തിന്റെ ഗുണഭോക്താക്കള്‍ ആരൊക്കെയാണ്. ഇതാണ് അന്വേഷിക്കേണ്ടത്. കേസ് വഴി തിരിച്ചു വിടാനാണ് മന്ത്രി ജലീലിനെതിരായി ആരോപണമുന്നയിക്കുന്നത്. ഇത്തരം നുണപ്രചാരണങ്ങള്‍ വിലപ്പോവില്ല. കേന്ദ്രമന്ത്രി വി. മുരളീധരനും ജനം ടി.വി.യുടെ അനില്‍ നമ്പ്യാരും പറയുന്നത് ഒരേ കാര്യമാണ് ഇത്തരത്തിൽ അന്വേഷണം നീങ്ങിയപ്പോഴാണ് അന്വേഷണം വഴിമുട്ടിയതെന്നും അദ്ദേഹം ചുണ്ടിക്കാട്ടുന്നു.

ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ ശേഷം പാര്‍ട്ടിയില്‍ വേണ്ടത്ര പരിഗണന ലഭിച്ചില്ലെന്ന ആരോപണവും ജയരാജന്‍ തള്ളി. സെക്രട്ടറി സ്ഥാനത്തിരിക്കുമ്പോള്‍ ലഭിച്ചിരുന്ന മാധ്യമശ്രദ്ധ ഇപ്പോള്‍ കിട്ടുന്നില്ലായിരിക്കാം. എങ്കിലും ഞാന്‍ ജനങ്ങള്‍ക്കിടയില്‍ അന്നത്തെ പോലെ ഇപ്പോഴും പ്രവര്‍ത്തിക്കുന്നു. പാര്‍ട്ടി ഏല്‍പ്പിക്കുന്ന ചുമതല നല്ല രീതിയില്‍ നിര്‍വഹിക്കും. പ്രായം, ആരോഗ്യം എല്ലാം പൊതു പ്രവര്‍ത്തനത്തില്‍ പ്രശ്‌നമായി വരും. ഇതെല്ലാം കണക്കിലെടുാണ് പാര്‍ട്ടി ചുമതലകള്‍ നല്‍കുന്നത്. അത് സത്യസന്ധമായി നിര്‍വഹിക്കും. ബാക്കി കാര്യങ്ങളിലൊന്നും ഉത്കണ്ഠയും, വലിയ മോഹങ്ങളും തനിക്കില്ലെന്നും പി ജയരാജന്‍ വ്യക്തമാക്കുന്നു.