പിറവം പള്ളിയിൽ ഞായറാഴ്ച്ച ഓർത്തോഡോക്സ് വിഭാഗം കുർബാന അർപ്പിക്കും, ഹൈക്കോടതി അനുവദിച്ചു

പിറവം പള്ളിയിൽ ഓർത്തഡോക്സ് സഭയ്ക്ക് ഞായറാഴ്ച കുർബാന നടത്താൻ ഹൈക്കോടതിയുടെ അനുമതി. ഓർത്തഡോക്സ്‌ വൈദികന്റെ കാർമ്മികത്വത്തിൽ ആയിരിക്കും കുർബാന. ഇടവകാംഗങ്ങൾക്ക് കുർബാനയിൽ പങ്കെടുക്കാൻ തടസമില്ല. എന്നാൽ, പ്രശ്നങ്ങൾ ഉണ്ടാക്കിയാൽ അവരെ ഉടൻ അറസ്റ്റ് ചെയ്ത് ജയിലിൽ അടയ്ക്കാൻ പൊലീസിന് ഹൈക്കോടതി നിർദേശം നല്‍കി…

കോടതിയുടെ ഉത്തരവുണ്ടാകുന്നത് വരെ ഇവർക്ക് താത്കാലിക ജാമ്യം അനുവദിക്കാൻ പാടില്ലെന്നും കോടതി നിർദേശിച്ചു. കളക്ടറുടെയും പൊലീസിന്റെയും മുൻ‌കൂർ അനുമതിയോടെ സെമിത്തേരിയിൽ ശവസംസ്കാര ശുശ്രൂഷകൾ നടത്താം. ഇനി ഒരു ഉത്തരവുണ്ടാകുന്നത് വരെ പള്ളിയുടെ പൂർണ ചുമതല ജില്ലാ കളക്ടർക്ക് ആയിരിക്കും. പള്ളി ഏറ്റെടുത്തതായി കാണിച്ച് കളക്ടർ ഇന്ന് ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു.

ഹൈക്കോടതിയുടെ ഇന്നത്തെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ സെപ്റ്റംബർ 29- നു ഓർത്തോഡോക്സ് പക്ഷം പള്ളിയിൽ കുർബാന അർപ്പിക്കും. ഫാദർ സ്ലീബാ വട്ടക്കാട്ടിലിന്റെ കാര്‍മ്മികത്വത്തിലായിരിക്കും കുർബാന. 1934- ലെ ഭരണഘടന അംഗീകരിക്കുന്ന ആർക്കും കുർബാനയിൽ സംബന്ധിക്കാം.