പള്ളി തർക്കം: മുഖ്യമന്ത്രി വിളിച്ച ചർച്ചയിൽ സമവായമായില്ല

യാക്കോബായ, ഓർത്തഡോക്സ് സഭകൾ തമ്മിലുള്ള തർക്കം പരിഹരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചർച്ചകൾ സമവായമാവാതെ പിരിഞ്ഞു. തുടർ ചർച്ചകളെക്കുറിച്ച് പത്തുദിവസത്തിനകം അറിയിക്കാമെന്ന് സർക്കാർ വ്യക്തമാക്കി.

പള്ളി തർക്കത്തിൽ ഹിതപരിശോധന വേണമെന്ന യാക്കോബായ വിഭാഗത്തിന്റെ ആവശ്യം ഓർത്തഡോക്സ് സഭ തള്ളി. മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ കോടതി വിധി നടപ്പിലാക്കണമെന്ന് ഓർത്തഡോക്സ് സഭ പ്രതിനിധികൾ ആവശ്യപ്പെട്ടു.

സുപ്രീം കോടതി വിധി നടപ്പാക്കുകയാണ് പരിഹാരമാർഗമെന്ന് ഓർത്തഡോക്സ് സഭ പറഞ്ഞു. 1934 ലെ ഭരണഘടന അംഗീകരിക്കണം. എല്ലാവരും യോജിച്ച് പ്രവർത്തിക്കണം.

രാവിലെ യാക്കോബായ പ്രതിനിധികളുമായിട്ടാണ് ആദ്യം ചർച്ച നടത്തിയത്. തർക്കമുള്ള പള്ളികളിൽ ജനാഭിപ്രായം അറിയാൻ ഹിതപരിശോധന വേണമെന്ന ആവശ്യമാണ് യാക്കോബായ സഭ മുഖ്യമന്ത്രിക്ക് മുന്നിൽ വച്ചത്.

Read more

വിശ്വാസികളുടെ അഭിപ്രായത്തിന് വിരുദ്ധമാണ് സുപ്രീംകോടതി ഉത്തരവുകളെന്ന നിലപാട് യാക്കോബായ സഭ മുഖ്യമന്ത്രിയെ ധരിപ്പിച്ചു. തർക്കം നിലനിൽക്കുന്ന പളളികളിൽ ഇടവകാംഗങ്ങൾക്കിടയിൽ ഹിതപരിശോധന വേണമെന്ന ആവശ്യമാണ് സഭ പ്രതിനിധികൾ ഉന്നയിച്ചത്.