സംസ്ഥാനത്ത് അവയവ കച്ചവടം വ്യാപകം; കിഡ്നി അടക്കമുള്ള അവയവങ്ങള്‍ നിയമവിരുദ്ധമായി ഇടനിലക്കാര്‍ വഴി വില്‍ക്കുന്നുവെന്ന് ക്രൈംബ്രാഞ്ച്

സംസ്ഥാനത്ത് വ്യാപകമായി അവയവ കച്ചവടമെന്ന് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. ഇതിനു വേണ്ടി സംസ്ഥാനത്ത് ഏജന്റുമാർ പ്രവർത്തിക്കുന്നുണ്ടെന്നാണ് കണ്ടെത്തൽ.  വിഷയത്തില്‍ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഇത്തരം നടപടികള്‍ക്ക് സര്‍ക്കാര്‍ ജീവനക്കാര്‍ക്കു പങ്കുണ്ടെന്നും കിഡ്നി അടക്കമുള്ള അവയവങ്ങള്‍ നിയമവിരുദ്ധമായി ഇടനിലക്കാര്‍ വഴി വില്‍ക്കുന്നുവെന്നുമാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്.  രണ്ട് വര്‍ഷത്തെ കണക്കുകള്‍ ഉദ്ധരിച്ച് ക്രൈംബ്രാഞ്ച് ഐ.ജി, എസ്. ശ്രീജിത്താണ് റിപ്പോർട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറിയത്.

സംസ്ഥാന സർക്കാരിൻ്റെ മൃതസഞ്ജീവനി പദ്ധതി അട്ടിമറിച്ചാണ് അവയവ കച്ചവടം. സ്വകാര്യ ആശുപത്രികളും അന്വേഷണ പരിധിയിൽ വരും. രണ്ടു വര്‍ഷത്തിനിടെ ഇത്തരത്തില്‍ ഒരു സംഘം രൂപീകരിച്ച് വലിയതോതില്‍ ഇതിലേക്ക് ആളുകളെ പ്രലോഭിപ്പിച്ച് ചേര്‍ത്തുകൊണ്ട് അനധികൃതമായി വ്യാപകമായ രീതിയില്‍ ഇത്തരത്തില്‍ അവയവ കൈമാറ്റം നടന്നുവെന്നാണ് കണ്ടെത്തല്‍.

ആരെയും കേസിൽ പ്രതിയാക്കാതെയാണ് എഫ് ഐ ആർ തയ്യാറാക്കിയിരിക്കുന്നത്. എസ്.പി. സുദർശൻ കേസ് അന്വേഷിക്കും. കൊടുങ്ങല്ലുർ കേന്ദ്രീകരിച്ച് നിരവധി പേർക്ക് അവയവം നഷ്ടമായതായി ക്രൈംബ്രാഞ്ച് പറയുന്നു.
crime branch report