മരണശേഷം നമ്മുടെ ശരീരം കൊണ്ട് മനുഷ്യരാശിക്ക് നല്‍കാനാവുന്ന ഏറ്റവും വലിയൊരു പ്രയോജനമാണ് അവയവദാനം: പി. ജയരാജന്‍

അവയവദാനത്തിന്റെയും രക്തദാനത്തിന്റെയും പ്രാധാന്യം ഉയര്‍ത്തിക്കാട്ടി കുറിപ്പുമായി സിപിഎം നേതാവ് പി.ജയരാജന്‍. അന്താരാഷ്ട്ര അവയവദാന ദിനത്തോടനുബന്ധിച്ച് ഫെയ്‌സ്ബുക്കിലൂടെയാണ് കുറിപ്പ് പങ്കുവെച്ചത്. മരണം സുനിശ്ചിതമായ യാഥാര്‍ത്ഥ്യമാണ്. മരണശേഷം നമ്മുടെ ശരീരം കൊണ്ട് മനുഷ്യരാശിക്ക് നല്‍കാനാവുന്ന ഏറ്റവും വലിയൊരു പ്രയോജനമുണ്ട്. അതാണ് അവയവദാനമെന്ന് അദ്ദേഹം കുറിച്ചു.

തനിക്ക് നേരെയുണ്ടായ സംഘപരിവാര്‍ ആക്രമണത്തില്‍ മാരകമായി പരിക്കേറ്റപ്പോള്‍ എറണാകുളത്തെ ചുമട്ടുതൊഴിലാളികള്‍ രക്തം നല്‍കി. മറ്റൊരു ജീവന് വെളിച്ചം നല്‍കാന്‍ കഴിയുന്ന അവയവങ്ങള്‍ ഉപയോഗശൂന്യമായ രീതിയില്‍ മരണാനന്തരം പലരും നശിപ്പിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കണ്ണുകള്‍, കരള്‍, ഹൃദയം, വൃക്കകള്‍ തുടങ്ങി 30 ഓളം അവയവങ്ങള്‍ ദാനം ചെയ്യാന്‍ കഴിയുമെന്നും അവയവ ദാനത്തെ എല്ലാവരും പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

നമ്മുടെ ശരീരത്തിലെ വിവിധ അവയവങ്ങള്‍ മരണാനന്തരം എന്തുചെയ്യണം എന്നത് നമ്മളില്‍ ഭൂരിപക്ഷവും ആലോചിക്കാത്ത കാര്യമാണ്. നമ്മുടെ മരണം നാം ആലോചിക്കാനിഷ്ടപ്പെടാത്തതു കൊണ്ടാകാം. പക്ഷേ മരണം സുനിശ്ചിതമായ യാഥാര്‍ത്ഥ്യമാണ്. മരണശേഷം നമ്മുടെ ശരീരം കൊണ്ട് മനുഷ്യരാശിക്ക് നല്‍കാനാവുന്ന ഏറ്റവും വലിയൊരു പ്രയോജനമുണ്ട്. അതാണ് അവയവദാനം.നാളെ അന്താരാഷ്ട്ര അവയവദാന ദിനമാണ്.( ഓഗസ്റ്റ് 13)

ലോകത്തൊട്ടാകെ മൂന്നരക്കോടി അന്ധരുണ്ട് എന്നാണ് കണക്കുകള്‍. നാം വേദനയോടെ തിരിച്ചറിയേണ്ടത് അതില്‍ ഒന്നരക്കോടിയോളം നമ്മുടെ രാജ്യത്തിലാണ് എന്നതാണ്. അതില്‍ മൂന്നിലൊന്നും കുട്ടികളാണ് എന്നതാണ് ഇതിലും വേദനാജനകമായ വസ്തുത.തനിക്കു മുന്നിലുള്ള ലോകം ഒരിക്കല്‍പ്പോലും കാണാനാവാത്ത ലക്ഷക്കണക്കിനു കുട്ടികളുടെ കൂടി രാജ്യമാണ് ഇന്ത്യ.ആധുനിക വൈദ്യശാസ്ത്രം പറയുന്നത് പ്രകാരം ഇതില്‍ എഴുപതു ശതമാനം പേര്‍ക്കും കാഴ്ച്ച നല്‍കാന്‍ നമുക്കു കഴിയും എന്നാണ്. ഒറ്റ പ്രതിബന്ധമേയുള്ളൂ, വേണ്ടത്ര കണ്ണുകള്‍ വേണം. 130 കോടിയില്‍പ്പരം ജനസംഖ്യയുള്ള രാജ്യമായിട്ടു പോലും നമുക്ക് വേണ്ടത്ര നേത്രാവയവദാതാക്കളെ ഇന്നും കണ്ടെത്താനാവുന്നില്ല. മറ്റൊരു ജീവിതത്തിന് പ്രകാശം നല്‍കാന്‍ കഴിയുന്ന ഏറ്റവും വിലപിടിപ്പുള്ള കണ്ണുകള്‍ ആര്‍ക്കും ഉപയോഗമില്ലാത്ത വിധം മരണശേഷം നശിപ്പിക്കുന്നു.

കണ്ണ് മാത്രമല്ല. കരള്‍, ഹൃദയം, വൃക്ക തുടങ്ങി മുപ്പതോളം അവയവങ്ങള്‍ നമുക്ക് ദാനം ചെയ്യാന്‍ ഇന്ന് കഴിയും. നമ്മളില്ലാതായിക്കഴിഞ്ഞും ആരുടെയൊക്കെയോ മനുഷ്യജീവിതത്തിന് നമ്മുടെ അവയവങ്ങള്‍ ജീവന്‍ നല്‍കും. നാം തയ്യാറുണ്ടോ എന്നതു മാത്രമാണ് ചോദ്യം .പതിനെട്ട് വയസ്സിനു മേല്‍ പ്രായമുള്ള ആര്‍ക്കും ഇത് സ്വമേധയയാ ചെയ്യാം. 18 വയസ്സുവരെയുള്ള കുട്ടികളുടെ കാര്യത്തില്‍ രക്ഷിതാക്കളുടെ സമ്മതം അനിവാര്യമാണ്.കേരള സര്‍ക്കാരിന്റെ മൃതസഞ്ജീവനി പദ്ധതിയാണ് ഇവിടെ അവയവദാനത്തിന് ചുമതലപ്പെടുത്തപ്പെട്ടിട്ടുള്ളത്. സ്വകാര്യ ആശുപത്രികളില്‍ സാധാരണക്കാരന് താങ്ങാന്‍ പറ്റാത്ത നിരക്കാണ് അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് വേണ്ടി വരുന്നത്.അതുകൊണ്ട് തന്നെ പലര്‍ക്കും ഇത് അപ്രാപ്യമായ ഒന്നാണ്.

ഇന്ന് കേരളം ഭരിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ ഏതാണ്ട് അഞ്ഞൂറ് കോടി ചിലവില്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന അവയവമാറ്റ ശസ്ത്രക്രിയ ഹോസ്പിറ്റല്‍ കോഴിക്കോട് വരും വര്‍ഷങ്ങളില്‍ പ്രവര്‍ത്തന സജ്ജമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഇത് യാഥാര്‍ഥ്യമായാല്‍ രാജ്യത്തെ ആദ്യത്തെ അത്തരത്തിലുള്ള ആശുപത്രിയാകും അത്.

അവയവ ദാനം പോലെ തന്നെ മഹത്തരമാണ് രക്ത ദാനവും.1999 ലെ തിരുവോണ നാളില്‍ എനിക്ക് നേരെ ഉണ്ടായ സംഘപരിവാര്‍ ആക്രമണത്തില്‍ മാരകമായ പരിക്ക് പറ്റിയ സമയത്ത് എറണാകുളത്തെ ചുമട്ടു തൊഴിലാളികളാണ് എനിക്ക് രക്തം നല്‍കാനായി മുന്നോട്ട് വന്നത്.അവരുടെ രക്തമാണ് എന്റെ ശരീരത്തിലുള്ളത് എന്നത് ഇന്നും ഞാന്‍ അഭിമാനത്തോടെ ഓര്‍ക്കുന്നു.

കൂടപ്പിറപ്പിന്റെ ജീവന്‍ രക്ഷിക്കാന്‍ തന്റെ വൃക്ക നല്‍കിയ കേരളത്തിലെ ആദ്യ വൃക്കദാതാവ് നാരായണി തന്റെ നൂറ്റി രണ്ടാം വയസില്‍ ഈയിടെ അന്തരിച്ചത് വാര്‍ത്ത ആയിരുന്നു. അവരെയും ഇത്തരുണത്തില്‍ സ്മരിക്കുന്നു. അവയവം മാറ്റിവയ്ക്കലും അവയവദാനവുമൊന്നും പരിചിതമല്ലാത്ത കാലത്താണ് നാരായണി തന്റെ വൃക്ക സഹോദരന് ദാനം ചെയ്തത്. കണ്ണൂര്‍ ഗവ. ഐടിഐയില്‍ ഇന്‍സ്ട്രക്ടറായിരുന്ന പി.പി. കുഞ്ഞിക്കണ്ണന് വേണ്ടിയാണ് സഹോദരിയായ നാരായണി വൃക്ക നല്‍കിയത്.

സരളമായ പ്രക്രിയയല്ല അവയവങ്ങള്‍ ദാനം ചെയ്യലും സ്വീകരിക്കലും .തങ്ങളുടെ ജീവിതത്തിലെ ഏറ്റവും വേദനാജനകമായ നിമിഷമാണ് ഉറ്റവരുടെ മരണം. അവരുടെ അവയവങ്ങള്‍ ദാനം ചെയ്യാനുള്ള തീരുമാനമെടുക്കേണ്ടതും ആ നിമിഷമാണ്. തികച്ചും അപരിചിതനായ ഒരാള്‍ക്ക് വേണ്ടി , മരണത്തിലും മറ്റൊരാള്‍ക്ക് ജീവിതം നല്‍കാമെന്ന തീരുമാനത്തേക്കാള്‍ മഹത്തരമായി മറ്റെന്താണ് നമുക്ക് ചെയ്യാനാവുക? മരണത്തിന് മുകളില്‍ ജീവിതത്തിനുള്ള വിജയം തന്നെയാണ് അവയവ ദാനം.ആചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും മുകളില്‍ മനുഷ്യജീവിതത്തെ നമ്മള്‍ വിലമതിക്കുന്നു എങ്കില്‍ നമുക്ക് അവയവദാനത്തെ പ്രോല്‍സാഹിപ്പിക്കാതിരിക്കാനാവില്ല. അന്യന്റെ രക്തം സ്വീകരിക്കാത്ത മനോഭാവം ഇന്ന് മാറി.ജാതി-മതാതീതമായി രക്തവും അവയവും സ്വീകരിക്കുന്നു. അവയവദാനത്തെയും രക്തദാനത്തെയും എല്ലാവരും ആത്മാര്‍ത്ഥതയോടെ ഏറ്റെടുക്കുക.