ഓര്‍ഡിനന്‍സ് പ്രതിസന്ധി; പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാന്‍ ശിപാര്‍ശ, ഗവര്‍ണര്‍ ഒപ്പിടാത്തത് അസാധാരണ സാഹചര്യമെന്ന് മുഖ്യമന്ത്രി

ഗവര്‍ണറുടെ നിസഹകരണത്തെ തുടര്‍ന്ന് അസാധുവായ ഓര്‍ഡിനന്‍സുകള്‍ക്ക് പകരം ബില്‍ പാസാക്കാന്‍ സര്‍ക്കാര്‍ നീക്കം. ഇതിനായി പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാന്‍ ശിപാര്‍ശ. നിയമനിര്‍മ്മാണത്തിനായി 10 ദിവസത്തേക്ക് നിയമസഭ വിളിച്ചു ചേര്‍ക്കാനാണ് ശിപാര്‍ശ. ഇന്ന് ചേര്‍ന്ന് മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

മന്ത്രിസഭാ യോഗത്തിന്റെ ശിപാര്‍ശ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കൈമാറും. ഈ മാസം 22 മുതല്‍ സെപ്തംബര്‍ 2 വരെ സഭ ചേരാനാണ് തീരുമാനിച്ചിരിക്കുന്നത്. ഗവര്‍ണര്‍ ഓര്‍ഡിനന്‍സുകളില്‍ ഒപ്പിടാത്തത് അസാധാരണ സാഹചര്യമാണെന്നും സഭ ചേരണമെന്നും മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു.

പ്രധാനപ്പെട്ട നിയമങ്ങളെല്ലാം തന്നെ ബില്ലുകളായി അവതരിപ്പിച്ച് സഭയില്‍ പാസാക്കി ഗവര്‍ണറുടെ അനുമതിക്കായി സമര്‍പ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഗവര്‍ണര്‍ ഒപ്പിടാതിരുന്നതിനെ തുടര്‍ന്ന് ലോകായുക്ത നിയമ ഭേദഗതി ഉള്‍പ്പെടെ 11 ഓര്‍ഡിനന്‍സുകളാണ് അസാധുവായത്. ഈ ഓര്‍ഡിനന്‍സുകള്‍ രാജ്ഭവനിലേയ്ക്ക് ഗവര്‍ണര്‍ തിരിച്ചയച്ചിട്ടില്ല. ഓര്‍ഡിനന്‍സുകള്‍ തിരിച്ചയച്ചാല്‍ മാത്രമാണ് അതില്‍ ഭേദഗതി വരുത്തി വീണ്ടും ഗവര്‍ണറുടെ പരിഗണനയ്ക്ക് അയക്കാന്‍ സര്‍ക്കാരിന് സാധിക്കൂ.

അതേസമയം ഓര്‍ഡിനസില്‍ കണ്ണൂംപൂട്ടി ഒപ്പിടില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ഗവര്‍ണര്‍. വിശദമായി പഠിച്ചതിന് ശേഷമേ ഒപ്പിടുന്ന കാര്യം തീരുമാനിക്കൂ.വിവരങ്ങള്‍ പരിശോധിക്കാന്‍ കൂടുതല്‍ സമയം വേണമെന്നും ആരുടെയും സമ്മര്‍ദ്ദത്തിന് വഴങ്ങില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. ഓര്‍ഡിനന്‍സ് ഭരണം നല്ലതല്ലെന്നും, പിന്നെ എന്തിനാണ് നിയമസഭയെന്നും അദ്ദേഹം നേരത്തെ ചോദിച്ചിരുന്നു.