കര്‍ശന നടപടിയുമായി കളക്ടര്‍; വയനാട്ടില്‍ ഉരുള്‍പ്പൊട്ടല്‍ മേഖലയിലെ ക്വാറികള്‍ ഉടന്‍ അടച്ചുപൂട്ടും

Advertisement

വയനാട്ടിലെ ഉരുള്‍പ്പൊട്ടല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ക്കെതിരെ നടപടിയുമായി ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാര്‍. ഇത്തരം ക്വാറികള്‍ക്ക് രണ്ടാഴ്ചക്കുള്ളില്‍ നോട്ടീസ് നല്‍കി അടച്ചു പൂട്ടാന്‍ ബന്ധപ്പെട്ട തഹസില്‍ദാര്‍മാര്‍ക്ക് കളക്ടര്‍ നിര്‍ദേശം നല്‍കി. പരാതികളുണ്ടെങ്കില്‍ ഒരുമാസത്തിനുള്ളില്‍ അന്തിമ തീരുമാനമെടുക്കണം.

മറ്റു സ്ഥലങ്ങളിലും അനുമതിയില്ലാതെ ക്വാറികള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് തദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ പരിശോധിച്ച് ഉറപ്പു വരുത്തണം. ക്വാറികള്‍ നിബന്ധനകള്‍ പാലിച്ചാണോ പ്രവര്‍ത്തിക്കുന്നതെന്ന് ജിയോളജിസ്റ്റ് സെപ്റ്റംബര്‍ 20 മുമ്പ് പരിശോധിച്ച് ഉറപ്പു വരുത്തും. അല്ലാത്തവയുടെ പ്രവര്‍ത്തനം നിരോധിക്കും.

ജിയോളജിസ്റ്റ്, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ എന്നിവരടങ്ങിയ സംഘം നിലവില്‍ ക്വാറികള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലത്തിന്റെ ഒരു കിലോമീറ്റര്‍ പരിധിയില്‍ സോയില്‍ പൈപ്പിംഗ്, മണ്ണിടിച്ചില്‍, ഉരുള്‍പ്പൊട്ടല്‍ മുതലായവ സംബന്ധിച്ചും പരിശോധന നടത്തണം. പരിശോധനാ റിപ്പോര്‍ട്ട് മൂന്ന് മാസത്തിനകം സമര്‍പ്പിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടറിന്റെ ഉത്തരവില്‍ പറയുന്നു.

ജില്ലയിലെ രജിസ്റ്റര്‍ ചെയ്ത റിസോര്‍ട്ടുകള്‍, വാസഗൃഹം, വിദ്യാഭ്യാസം, ആശുപത്രി, സാമൂഹികാവശ്യം, ആരാധനാലയം എന്നിവയില്‍ ഉള്‍പ്പെടാത്ത കെട്ടിടങ്ങളും പഞ്ചായത്തോ മുനിസിപാലിറ്റിയോ പരിശോധിക്കുകയും അവയുടെ രജിസ്‌ട്രേഷനുള്ള സുരക്ഷാനിബന്ധനകള്‍ പാലിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുകയും ചെയ്യണം.

നിബന്ധന പാലിക്കാത്തവയുടെയും രജിസ്റ്റര്‍ ചെയ്യാത്തവയുടെയും പ്രവര്‍ത്തനം നിര്‍ത്തലാക്കും. പരിശോധനയ്ക്കായി തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. തുടര്‍ന്ന് വിദഗ്ധ സമിതിയുടെ കണ്ടെത്തലില്‍ കുഴപ്പമില്ലെങ്കില്‍ മാത്രമേ തദ്ദേശ സ്ഥാപനങ്ങള്‍ നിലവിലെ കെട്ടിടങ്ങളുടെ പ്രവര്‍ത്തന അനുമതി പുതുക്കി നല്‍കുകയുള്ളൂ.