തോട്ടഭൂമിയിലെ പഴവര്‍ഗ കൃഷി; നിയമ ഭേദഗതിയില്ലെന്ന് ധനമന്ത്രി

തോട്ടഭൂമിയിലെ പഴവര്‍ഗകൃഷിക്കായി ഭൂപരിഷ്‌കരണ നിയമ ഭേദഗതി നടത്തുമെന്ന് പറഞ്ഞിട്ടില്ലെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. സി.പി.എമ്മും സി.പി.ഐയും ഇക്കാര്യം ചര്‍ച്ച ചെയ്ത് തീരുമാനിക്കും.

തോട്ടങ്ങളിലെ പഴം, പച്ചക്കറി കൃഷിക്കായി വലിയ നിയമഭേദഗതി വേണ്ടിവരില്ല. തോട്ടങ്ങളില്‍ ഇവയും കൃഷി ചെയ്യാമെന്ന തരത്തില്‍ നിയമം മാറ്റിയാല്‍ മതിയാകും. ഭൂപരിഷ്‌കരണ നിയമത്തെ ബാധിക്കാതെ തന്നെ ഇതു നടപ്പാക്കും.

ഭൂപരിഷ്‌കരണ നിയമത്തില്‍ ഭേദഗതി വരുത്തണമെന്ന തീരുമാനത്തിനെതിരെ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്ത് വന്നിരുന്നു. ഭൂപരിഷ്‌കരണം ഭേദഗതി ചെയ്യാന്‍ എല്‍ഡിഎഫ് തീരുമാനിച്ചിട്ടില്ല. അക്കാര്യം ചര്‍ച്ച ചെയ്‌തേ തീരുമാനിക്കാന്‍ പറ്റൂവെന്നാണ് അദ്ദേഹം പറഞ്ഞത്.

ബജറ്റില്‍ ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പ്രഖ്യാപിച്ച സംയോജിത കൃഷി രീതി നടപ്പാക്കുമ്പോള്‍ ഭൂപരിഷ്‌കരണ നിയമം തന്നെ ഭേദഗതി വരുത്തണം. ഈ തീരുമാനത്തിന് എതിരെയാണ് കാനം രംഗത്തെത്തിയത്. ഈ നിര്‍ദ്ദേശം കഴിഞ്ഞ വര്‍ഷവും ഉണ്ടായിരുന്നു.

തോട്ടത്തില്‍ ഉപയോഗശൂന്യമായ സ്ഥലത്ത് ഇടവിളയായി മറ്റ് വിളകള്‍ കൃഷി ചെയ്യാന്‍ ഇപ്പോള്‍ തന്നെ നിയമം നിലവിലുണ്ട്. വിഷയത്തില്‍ സി.പി.ഐയുടെ നിലപാട് ഇതേക്കുറിച്ച് ചര്‍ച്ച നടക്കുമ്പോള്‍ പ്രഖ്യാപിക്കും.

Read more

ഇപ്പോഴത്തെ കൃഷി രീതിയില്‍ നിന്ന് മാറി സംയോജിത ബഹുവിള കൃഷി നടപ്പാക്കുമെന്നാണ് ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് ഭൂപരിഷ്‌കരണ നിയമങ്ങളെ മാറ്റുന്നതല്ലെന്നും ധനമന്ത്രി വിശദീകരിച്ചിരുന്നു. തോട്ട ഭൂമിയെ ആ രീതിയില്‍ തന്നെ നിലനിര്‍ത്തും. മറ്റ് വിളകള്‍ കൂടി വരുന്നതോടെ കൃഷിയിടം കൂടുതല്‍ ലാഭകരമാകും എന്നുമാണ് ധനമന്ത്രി പറഞ്ഞത്.