ഇടുക്കി ഡാമില്‍ ഓറഞ്ച് അലേര്‍ട്ട്

 

ജലനിരപ്പ് താഴാത്ത സാഹചര്യത്തില്‍ ഇടുക്കി അണക്കെട്ടില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. നിലവില്‍ ഡാമിലെ ജലനിരപ്പ് 2381.53 അടിയായി ഉയര്‍ന്നു. ജലനിരപ്പ് ഒരടി കൂടി ഉയര്‍ന്നാല്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിക്കും.

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 137.73 അടിയായി ഉയര്‍ന്നു. പെരിയാറിന്റെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി. ഡാമിന്റെ 10 സ്പില്‍വേ ഷട്ടറുകള്‍ 30 സെന്റിമീറ്റര്‍ വീതം തുറന്നു. തൃശ്ശൂര്‍ പീച്ചി ഡാമിന്റെ 4 ഷട്ടറുകള്‍ ഉയര്‍ത്തിയിരിക്കുകയാണ്. പാലക്കാട് മലമ്പുഴ ഡാമിന്റെ നാല് ഷട്ടറുകളും തുറന്നു.

 

റൂള്‍ കര്‍വ് പരിധിയായ 137.50 അടി എത്തിയതോടെയാണ് മുല്ലപ്പെരിയാറിന്റെ 3 സ്പില്‍ വേ ഷട്ടറുകള്‍ ഉച്ചയ്ക്ക് ഒരുമണിക്ക് തുറന്നത്. രണ്ടു മണിക്കൂറിനു ശേഷം പുറത്തേക്ക് ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് ആയിരം ഘനയടിയാക്കി. എന്നാല്‍ ജലനിരപ്പ് നിയന്ത്രണ വിധേയമാകത്തതിനാല്‍ വൈകിട്ട് 5 മണിയോടെ 10 ഷട്ടറുകള്‍ ഉയര്‍ത്തുകയായിരുന്നു. പെരിയാറിന്റെ തീരത്ത് കര്‍ശന ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഫയര്‍ഫോഴ്സിന്റെയും എന്‍ഡിആര്‍എഫിന്റെയും സംഘങ്ങള്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു. ആവശ്യമെങ്കില്‍ ആളുകളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള ക്യാമ്പുകളും സജ്ജമാണ്.