മാർക്ക് ദാന വിവാദത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഗവർണർ ആരീഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തി. പിന്നീട് ചെന്നിത്തല മാധ്യമങ്ങളെ കണ്ടു. മന്ത്രിക്കെതിരെയും എംജി സർവകലാശാല വിസിക്കെതിരെയും അന്വേഷണം വേണമെന്ന് ചെന്നിത്തല പറഞ്ഞു. മാർക്ക് കൂട്ടി നൽകാൻ മന്ത്രിക്ക് അധികാരമില്ലെന്നും അദാലത്ത് നടത്താർ സർക്കാരിന് എന്തധികാരമാണെന്നും അദ്ദേഹം ചോദിച്ചു. സർവകലാശാലകൾ സ്വയം ഭരണ സ്ഥാപനങ്ങളാണ്.
വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണമാണ് ചെന്നിത്തല ഗവർണറോട് ആവശ്യപ്പെട്ടിരിക്കുന്നത്. ജലീലിനെ മന്ത്രിസ്ഥാനത്ത് നിന്നും മാറ്റി നിർത്തി കൊണ്ടുള്ള അന്വേഷണമാണ് ചെന്നിത്തല ആവശ്യപ്പെട്ടത്.
കെടി ജലീൽ തന്നെയാണ് തെളിവുകൾ ഹാജരാക്കാനും കോടതിയെ സമീപിക്കാനും ഗവർണറെ കാണാനും രമേശ് ചെന്നിത്തലയോട് ആവശ്യപ്പെട്ടത്. വിവരാവകാശപ്രകാരമുള്ള ചില രേഖകൾ ഇന്നലെ പുറത്ത് വന്നിരുന്നു.
എല്ലാ യൂണിവേഴ്‌സിറ്റികളിലും മാർക്ക് ദാനം തുടക്കമിട്ടത് കെ ടി ജലീലാണെന്നും ഇത് വിസിയുടെയും സിൻഡിക്കേറ്റിന്റെയും തലയിൽ കെട്ടിവെയ്ക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും ചെന്നിത്തല ആരോപിച്ചു.
ജലീലിന് രക്ഷപെടാൻ ആവില്ല. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ അയൽക്കാരിക്ക് മാർക്ക് കൂട്ടി നൽകി. വിസിയാണ് ഉത്തരവാദിയെങ്കിൽ പുറത്താക്കാൻ ധൈര്യമുണ്ടോ എന്നും ചെന്നിത്തല ചോദിച്ചു. ഒരു മാർക്ക് കൂട്ടി നൽകാൻ ശിപാർശ ചെയ്തു. തീരുമാനം പിന്നീട് അദാലത്തിൽ വെക്കുകയാണ് ഉണ്ടായത്.
ആറ് സപ്‌ളിമെന്ററി പരീക്ഷകളിൽ തോറ്റവരെ വരെ വിജയിപ്പിച്ചിട്ടുണ്ട്. ഒരു സെമസ്റ്ററിൽ 5 മാർക്ക് കൂട്ടിക്കൊടുക്കാനുള്ള തീരുമാനം ദുർവ്യാഖ്യാനം ചെയ്ത് എല്ലാ സെമസ്റ്ററിലും എന്നാക്കി മാറ്റി. എന്നിട്ട് 40 മാർക്ക് വരെ ഇങ്ങനെ നൽകി.
Read more
നഴ്‌സിംഗ് കൗൺസിലിന്റെ അധികാരം മറികടക്കുകയും സർവകലാശാലകളുടെ വിശ്വാസ്യത തകർക്കുകയും ചെയ്തു. പരീക്ഷാ കലണ്ടർ വരെ മന്ത്രി തീരുമാനിക്കുന്നുവെന്നും ചെന്നിത്തല. മാർക്ക് ദാനത്തിൽ തുടങ്ങി മാർക്ക് കുംഭകോണത്തിൽ എത്തി നിൽക്കുകയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.







