ഓപ്പറേഷൻ പി ഹണ്ട്: കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ച 3 വമ്പൻ ഗ്രൂപ്പുകൾ അപ്രത്യക്ഷമായി

കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വിഡിയോയും ഇന്റർനെറ്റിൽ പ്രചരിപ്പിച്ച 3 വമ്പൻ ഗ്രൂപ്പുകൾ പൂട്ടി അംഗങ്ങൾ അപ്രത്യക്ഷരായി. കേരള പൊലീസ് സൈബർ ഡോം, ഇന്റർപോളിന്റെ സഹായത്തോടെ നടത്തിയ തിരച്ചിലും നിരീക്ഷണവും അറസ്റ്റുമാണു പലരെയും പിൻമാറാൻ പ്രേരിപ്പിച്ചത്. ഇതിൽ ഒരു ഗ്രൂപ്പിന്റെ അഡ്മിൻ പാക്കിസ്ഥാൻ സ്വദേശിയും ചില മലയാളികളുമാണ്. മറ്റു 2 ഗ്രൂപ്പുകളിൽ മലയാളികൾ ഉൾപ്പെട്ടതായി സൈബർ ഡോം നോഡൽ ഓഫീസർ എഡിജിപി മനോജ് ഏബ്രഹാം പറഞ്ഞു.

ഓപ്പറേഷൻ പി ഹണ്ടിന്റെ ഭാഗമായി സൈബർ പൊലീസ് നടത്തിയ പരിശോധനയിൽ കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വിഡിയോയും കണ്ട 12 പേരെ വിവിധ ജില്ലകളിലായി അറസ്റ്റ് ചെയ്തിരുന്നു. ഇന്റർപോൾ സഹായത്തോടെ 126 മലയാളികളെ തിരിച്ചറിഞ്ഞിട്ടുണ്ട്.  ഇവരിൽ പലരും കേരളത്തിനു പുറത്താണ്. മറ്റു സംസ്ഥാനങ്ങളിലെ 45 പേരെയും തിരിച്ചറിഞ്ഞു. ഇവരെ പിടികൂടാൻ സംസ്ഥാന പൊലീസ് മേധാവികൾക്കു വിവരം കൈമാറി.

കുട്ടികളുടെ നഗ്നചിത്രങ്ങൾ കാണുകയോ പങ്കുവയ്ക്കുകയോ ചെയ്യുന്നതു കുറ്റമാണ്. പൊലീസ് നിരീക്ഷണം ശക്തമെന്നു മനസ്സിലായതോടെയാണു പലരും സമൂഹ മാധ്യമ ഗ്രൂപ്പുകൾ ഉപേക്ഷിച്ചത്. ഈ പ്രവൃത്തി തുടരുന്നവർ വരും ദിവസങ്ങളിൽ കുടുങ്ങും. വിവര സാങ്കേതിക വിദ്യ നന്നായി അറിയാവുന്നവരാണു വ്യാജ പ്രൊഫൈൽ സൃഷ്ടിച്ച് ഇതിൽ സജീവമാകുന്നതും അംഗങ്ങളെ ചേർക്കുന്നതും.

ഗൾഫ് ഉൾപ്പെടെ വിദേശ രാജ്യങ്ങളിലുള്ള ചില മലയാളികൾ നാട്ടിലെ ഫോൺ നമ്പർ ഉപയോഗിച്ചാണു വാട്സാപ് പോലുള്ള ഗ്രൂപ്പുകളിൽ ഇതെല്ലാം പങ്കിടുന്നത്. അറസ്റ്റു ചെയ്യുന്നവർക്കെതിരെ പോക്സോ, ഐടി നിയമപ്രകാരമുള്ള വകുപ്പുകൾ ചുമത്തിയാണു കേസ്.