നടപടി നേതൃത്വം തീരുമാനിക്കുമെന്ന് ഉമ്മന്‍ ചാണ്ടി; മുഖ്യമന്ത്രി നേതാക്കന്മാരെ കാലുമാറ്റാന്‍ പരിശ്രമിക്കുന്നുവെന്ന് ചെന്നിത്തല

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്ത കെ വി തോമസിനെതിരെ നിലപാട് കടുപ്പിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍. വിഷയത്തില്‍ കെ വി തോമസിനെതിരെ പാര്‍ട്ടി നേതൃത്വം തീരുമാനം എടുക്കുമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. എല്ലാ വശങ്ങളും പരിശോധിച്ച് ശേഷം പാര്‍ട്ടി വേണ്ട നടപടി എടുക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ നേതാക്കന്മാരെ കാലുമാറ്റാന്‍ വേണ്ടി പരിശ്രമിക്കുകയാണെന്ന് ചെന്നിത്തലയും ആരോപിച്ചു.

കെ വി തോമസിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കും എന്നാണ് പ്രതീക്ഷ. കെ വി തോമസിന് പാര്‍ട്ടി എല്ലാ അംഗീകാരവും നല്‍കിയിട്ടുണ്ട്. ഒരു രാഷ്ട്രീയ പ്രവര്‍ത്തകനു കിട്ടാവുന്നതില്‍ ഏറ്റവും കൂടുതല്‍ അംഗീകാരം ലഭിച്ചിട്ടുണ്ട്. സെമിനാറില്‍ പങ്കെടുക്കാനുള്ള കെ വി തോമസിന്റെ തീരുമാനം തന്നെ അത്ഭുതപ്പെടുത്തിയെന്ന് ചെന്നിത്തല പറഞ്ഞു.

ഒരു സുപ്രഭാതത്തില്‍ സിപിഎമ്മിന്റെ എല്ലാ നിലപാടും ശരിയാണെന്ന് അദ്ദേഹത്തിന് തോന്നല്‍ ഉണ്ടാവുകയാണ്. പിണറായി എന്ന കേരളം കണ്ട റ്റവും ദുര്‍ബലനായ മുഖ്യമന്ത്രിയെ ഏറ്റവും വലിയവനായാണ് കെ വി തോമസ് പറഞ്ഞത്. ഇത്രയും നാളത്തെ നിലപാടിന് കടകവിരുദ്ധമായാണ് കെ വി തോമസ് പ്രവര്‍ത്തിച്ചത്.

സിപിഎമ്മിന്റെയും പിണറായിയുടെയും കുതന്ത്രങ്ങള്‍ക്ക് മുന്നില്‍ തകര്‍ന്നുപോകുന്ന പ്രസ്ഥാനമല്ല കോണ്‍ഗ്രസെന്നും, കെ വി തോമസിനെതിരെ ഹൈക്കമാന്‍ഡ് നടപടി എടുക്കുമെന്നും ചെന്നിത്തല പറഞ്ഞു.