'ഗാന്ധിജിയെ ഹൃദയത്തില്‍വെച്ച് ആരാധിക്കുന്നവരാണ് കോണ്‍ഗ്രസുകാര്‍, അവരങ്ങനെ ചെയ്യില്ല': ഉമ്മന്‍ചാണ്ടി

രാഹുല്‍ഗാന്ധിയുടെ ഓഫീസിലെ ഗാന്ധി ചിത്രം തകര്‍ത്തത് കോണ്‍ഗ്രസുകാരാണെന്ന ആരോപണത്തില്‍ പ്രതികരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി. ഗാന്ധിജിയെ ഹൃദയത്തില്‍ വെച്ച് ആരാധിക്കുന്നവരാണ് കോണ്‍ഗ്രസുകാര്‍. അവര്‍ ചിത്രത്തില്‍ തൊടുക പോലുമില്ലെന്നും അദ്ദേഹം പറഞ്ഞു. പയ്യന്നൂരില്‍ ഗാന്ധി പ്രതിമയുടെ തല തകര്‍ത്തത് സിപിഎം പ്രവര്‍ത്തകരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം എം പി ഓഫീസ് ആക്രമണത്തില്‍ കോണ്‍ഗ്രസ്- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് പൊലീസ് ഏകപക്ഷീയമായി പെരുമാറുന്നുവെന്നും ഉമ്മന്‍ചാണ്ടി ആരോപിച്ചു. കോട്ടയത്ത് കോണ്‍ഗ്രസ് മുന്‍കൂട്ടി അറിയിച്ചാണ് ജാഥ നടത്തിയത്. ജാഥയ്ക്ക് നേരെ സിപിഎം ആക്രമണം നടത്തി. എന്നിട്ടും കോണ്‍ഗ്രസുകാര്‍ക്കെതിരെയാണ് പൊലീസ് ആദ്യം കേസ് എടുത്തത്. പ്രവര്‍ത്തകരുടെ വീട്ടില്‍ രാത്രി കയറിയ പൊലീസ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ് എന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം രാഹുലിന്റെ ഓഫിസിലെ ഗാന്ധിചിത്രം ഉടച്ചത് കോണ്‍ഗ്രസുകാരാണെന്ന് സിപിഎം വയനാട് ജില്ലാ സെക്രട്ടറി പി ഗഗാറിന്‍ പറഞ്ഞിരുന്നു. വൈകാരികമായ തലം സൃഷ്ടിക്കാനാണ് കോണ്‍ഗ്രസ് ശ്രമിച്ചത്. എസ്എഫ്‌ഐ മാര്‍ച്ചിലും അക്രമ സംഭവങ്ങളിലും അവിഷിത്ത് പങ്കെടുത്തിരുന്നില്ല. വിദ്യാര്‍ത്ഥികളെ പിരിച്ചുവിടാനായാണ് അയാള്‍ അവിടേക്ക് എത്തിയതെന്നും ഗഗാറിന്‍ പറഞ്ഞു. അവിഷിത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റുമായി പാര്‍ട്ടിക്ക് ബന്ധമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദേശാഭിമാനിക്കെതിരായ ആക്രമണം, യു.ഡി.എഫ് പ്രതിഷേധ പ്രകടനത്തിനിടെ പാര്‍ട്ടി കൊടിമരങ്ങളും ബാനറുകളും പതാകകളും നശിപ്പിച്ചത് എന്നീ സംഭവങ്ങളെ തുടര്‍ന്നാണ് ഇന്ന് വൈകിട്ട് 3 മണിക്ക് കല്‍പ്പറ്റയില്‍ സിപിഎം പ്രതിഷേധം പ്രകടനം നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.