ഒ.എന്‍.വി സ്മാരകത്തിന് പൈതൃകമന്ദിരമായ സെന്‍ട്രല്‍ സ്റ്റാമ്പ് ഡിപ്പോ തന്നെ വേണമെന്ന് സാഹിത്യ അക്കാദമി; നൂറ്റാണ്ട് പഴക്കമുളള മന്ദിരം വിട്ടു കൊടുക്കാനാവില്ലെന്ന് റവന്യു മന്ത്രി; യോഗം അലസിപ്പിരിഞ്ഞു

കവി ഒ.എന്‍.വി കുറുപ്പിന് തലസ്ഥാനത്ത് സ്മാരകം നിര്‍മ്മിക്കാന്‍ പൈതൃക മന്ദിരമായ തൈക്കാട് സെന്‍ട്രല്‍ സ്റ്റാമ്പ് ഡിപ്പോ തന്നെ വേണമെന്ന കേരള സാഹിത്യ അക്കാദമിയുടെ ആവശ്യം വിവാദമാകുന്നു. ഒരു നൂറ്റാണ്ടിലേറെ പഴക്കമുളള , സംരക്ഷിത സ്മാരകമായി കണക്കാക്കാവുന്ന സ്റ്റാമ്പ് ഡിപ്പോ കെട്ടിടവും സ്ഥലവും സ്മാരകത്തിന് കൈമാറണമെന്ന ആവശ്യം നീതീകരിക്കാവുന്നതല്ലെന്ന നിലപാടുമായി റവന്യു മന്ത്രി ഇ.ചന്ദ്രശേഖരന്‍ രംഗത്തു വന്നതോടെയാണ് വിവാദം രൂപപ്പെട്ടത്. സ്റ്റാമ്പ് ഡിപ്പോ വിട്ടുകിട്ടണമെന്ന ആവശ്യം വന്നപ്പോള്‍ തന്നെ യോജിപ്പില്ലെന്ന് മന്ത്രി ബന്ധപ്പെട്ട ഫയലില്‍ കുറിച്ചിരുന്നു. മുഖ്യമന്ത്രിയെ കൊണ്ട് യോഗം വിളിപ്പിച്ച് റവന്യു മന്ത്രിയുടെ എതിര്‍പ്പ് മറികടക്കാനുളള ഫൗണ്ടേഷന്‍ ഭാരവാഹികളുടെ നീക്കവും പൊളിഞ്ഞു. മുഖ്യമന്ത്രി വിളിച്ച യോഗത്തിലും റവന്യുമന്ത്രി നിലപാട് ആവര്‍ത്തിച്ചതോടെ തീരുമാനമെടുക്കാതെ പിരിഞ്ഞു.സ്മാരക നിര്‍മ്മാണത്തിന് യോഗ്യമായ ചരിത്രപ്രാധാന്യമുളള മറ്റ് സ്ഥലങ്ങളുണ്ടോയെന്ന് പരിശോധിക്കാനായിരുന്നു മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം.

വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30-ന് സെക്രട്ടേറിയേറ്റിലെ മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളിലായിരുന്നു കവി ഒ.എന്‍.വി കുറുപ്പിന് സ്മാരകം നിര്‍മ്മിക്കാന്‍
സ്ഥലം കണ്ടെത്താനുളള യോഗം നടന്നത്. മുഖ്യമന്ത്രിക്കും റവന്യുമന്ത്രിക്കും പുറമേ സാംസ്‌കാരിക മന്ത്രി എ.കെ ബാലനും യോഗത്തില്‍ പങ്കെടുത്തു. തിരുവനന്തപുരം നഗത്തില്‍ ഒ.എന്‍.വിക്ക് സ്മാരകം നിര്‍മ്മിക്കാന്‍
ഉചിതമായ സ്ഥലം എന്ന നിലയില്‍ സെന്‍ട്രല്‍ സ്റ്റാമ്പ് ഡിപ്പോയാണ് സാഹിത്യ അക്കാദമി നിര്‍ദ്ദേശിച്ചിരിക്കുന്നതെന്ന് സാംസ്‌കാരിക മന്ത്രി എ.കെ.ബാലന്‍ യോഗത്തില്‍ അറിയിച്ചു. ഇക്കാര്യം ഫയല്‍ രൂപത്തില്‍ തന്റെ മുന്നില്‍ വന്നതാണെന്നും അതില്‍ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഫയലില്‍ കുറിച്ചതാണെന്നും റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്‍ പ്രതികരിച്ചു.”” നൂറ് കൊല്ലത്തിലേറെ പഴക്കമുളള രാജഭരണ കാലത്തെ കെട്ടിടമാണ് സ്റ്റാമ്പ് ഡിപ്പോ. പ്രൈതൃക സ്മാരകമായി കണക്കാക്കി സംരക്ഷിക്കുന്നതാണ് അത്. അത് ഒ.എന്‍.വിയുടെ സ്മാരകത്തിന് വിട്ടു കൊടുക്കാവുന്നതല്ല. ലക്ഷക്കണക്കിന് സ്റ്റാമ്പുകള്‍ സുരക്ഷിതമായി ക്രമീകരിച്ച് സൂക്ഷിക്കാനാവുന്ന വിപുലമായ സംവിധാനമാണ് കെട്ടിടത്തിലുളളത്. രണ്ട് നിലകളിലായി സജ്ജീകരിച്ചിരിക്കുന്ന അലമാരകള്‍ അവിടെ നിന്ന് പൊളിച്ചു മാറ്റി മറ്റൊരിടത്ത് വെയ്ക്കുന്നതിനും പ്രായോഗികമായ ബുദ്ധിമുട്ടുണ്ട്. നേരിട്ട് കണ്ടപ്പോള്‍ അത് ബോദ്ധ്യപ്പെട്ടതാണ്. ഡിപ്പോയ്ക്ക് വേറെ സ്ഥലം കണ്ടെത്തിയാല്‍ പോലും ഇതാണ് പ്രധാന തടസം. അതിനൊപ്പം തന്നെ പ്രധാനമാണ് പൈതൃകസ്മാരകമായ കെട്ടിടത്തിന്റെ ചരിത്രപ്രാധാന്യം. ഒ.എന്‍.വി ജീവിച്ചിരിക്കുന്ന കാലമായിരുന്നെങ്കില്‍ അദ്ദേഹം ഇതിനോട് യോജിക്കുമായിരുന്നില്ല”” റവന്യുമന്ത്രി പറഞ്ഞു.

ഒ.എന്‍.വി സ്മാരകത്തിന് ചരിത്ര പ്രാധാന്യമുളള വേറെ സ്ഥലങ്ങള്‍ കണ്ടെത്തി കൈമാറാന്‍ റവന്യു വകുപ്പ് ഒരുക്കമാണെന്നും മന്ത്രി ഇ.ചന്ദ്രശേഖരന്‍ യോഗത്തില്‍ പറഞ്ഞു. പാളയത്ത് കേരള യൂണിവേഴ്‌സിറ്റി ആസ്ഥാനത്തിന് സമീപത്തെ സ്ഥലം, വഴുതക്കാട് സര്‍വേ ഡയറക്ടറുടെ ആസ്ഥാനത്തിന് സമീപമുളള സ്ഥലം, വഴുതക്കാട്ട് തന്നെയുളള ടാഗോര്‍ തിയേറ്ററിന് പിന്നിലെ സ്ഥലം എന്നിവയാണ് മന്ത്രി നിര്‍ദ്ദേശിച്ചത്. പഠനഗവേഷണ സൗകര്യങ്ങളോടു കൂടിയ വലിയ സ്മാരകമാണ് ഉദ്ദേശിക്കുന്നതെങ്കില്‍ കാര്യവട്ടം യൂണിവേഴ്‌സിറ്റി കാമ്പസില്‍ സ്ഥലം ലഭ്യമാണെന്നും റവന്യു മന്ത്രി നിര്‍ദ്ദേശിച്ചു.എതിര്‍പ്പ് വ്യക്തമാക്കപ്പെട്ടതോടെ ഇപ്പോള്‍ തീരുമാനം വേണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.””ചരിത്രപ്രാധാന്യമുളള സ്ഥലം തന്നെ വേണമെന്നുളളതുകൊണ്ടാണ് സാഹിത്യഅക്കാദമി സ്റ്റാമ്പ് ഡിപ്പോ തന്നെ ആവശ്യപ്പെടുന്നത്. ഡിപ്പോയ്ക്ക് വേറെ സ്ഥലം പ്രായോഗികമാണോയെന്ന് ഒന്ന് കൂടി പരിശോധിക്കുക, സ്മാരകത്തിനും വേറെ സ്ഥലം ഉണ്ടൊയെന്നും നോക്കൂക, എന്നിട്ട് തീരുമാനിക്കാം”” മുഖ്യമന്ത്രി പറഞ്ഞു.

സ്മാരകത്തിന് സെന്‍ട്രല്‍ സ്റ്റാമ്പ് ഡിപ്പോ വേണമെന്ന ആവശ്യവുമായി സാഹിത്യഅക്കാദമിയാണ് മുന്നിലുളളതെങ്കിലും ഭരണപക്ഷത്തുളള ഉന്നത രാഷ്ട്രീയ നേതാക്കളും സാംസ്‌കാരിക പ്രവര്‍ത്തകരും നയിക്കുന്ന ഒ.എന്‍.വി സ്മൃതി ഫൗണ്ടേഷനാണ് പിന്നില്‍. ഇവരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് മറ്റ് സ്ഥലങ്ങളുണ്ടായിട്ടും പൈതൃക സ്മാരകമായ സ്റ്റാമ്പ് ഡിപ്പോ തന്നെ സ്മാരകമാക്കണമെന്ന് സാഹിത്യ അക്കാദമി ആവശ്യപ്പെടാനുളള കാരണം.