കരയിപ്പിച്ച് ഉള്ളി വില; പൂഴ്ത്തി വെക്കലും വ്യാപകം; തുര്‍ക്കിയില്‍ നിന്ന് സവാള കൊണ്ടു വരുമെന്ന് കേന്ദ്രം

രാജ്യത്ത് ഉള്ളിവില നിലം തൊടാതെ കുതിക്കുമ്പോള്‍ സംസ്ഥാനത്ത് പൂഴ്ത്തി വെയ്ക്കലുകളും വ്യാപകമാകുന്നതായി റിപ്പോര്‍ട്ട്. സവാള, വെളുത്തുള്ളി ചെറിയ ഉള്ളി എന്നിവ പൂഴ്ത്തി വെച്ച് കൃത്രിമ വിലക്കയറ്റം സൃഷ്ടിക്കുന്നതായി പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് മാര്‍ക്കറ്റുകളില്‍ പരിശോധന കര്‍ശനമാക്കി. സിവില്‍ സപ്ലൈസും ലീഗല്‍ മെട്രോളജി വകുപ്പും സംയുക്തമായാണ് പരിശോധന നടത്തുന്നത്.

അതേ സമയം ഉള്ളിയുടെയും സവാളയുടെയും വിലവര്‍ദ്ധന ശബരിമലയിലെ അന്നദാനത്തെ ബാധിക്കുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്. ഇരുപത്തി അയ്യായിരത്തിലധികം പേര്‍ക്കാണ് ദിവസം മുഴുവന്‍ സൗജന്യ ഭക്ഷണം ദേവസ്വം ബോര്‍ഡ് നല്‍കുന്നത്. വിലവര്‍ദ്ധനയെ തുടര്‍ന്ന് പച്ചക്കറിക്ക് കൂടുതല്‍ തുക വേണമെന്ന് കരാറുകാരന്‍ ആവശ്യപ്പെട്ടു കഴിഞ്ഞു. തീര്‍ത്ഥാടകരുടെ വരവ് കൂടിയതോടെ അന്നദാനത്തിനും തിരക്കേറിയിട്ടുണ്ട്.

സവാളയുടെ വില നിയന്ത്രിക്കാന്‍ രാജ്യത്തേക്കുള്ള സവാള ഇറക്കുമതി ഉയര്‍ത്താനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം. തുര്‍ക്കി, ഈജിപ്ത് എന്നീ രാജ്യങ്ങളില്‍ നിന്ന് സവാള ഇറക്കുമതി ചെയ്ത് വില നിയന്ത്രിക്കാനാണ് സര്‍ക്കാരിന്റെ ശ്രമം.

11,000 ടണ്‍ സവാളയാവും ആദ്യം തുര്‍ക്കിയില്‍ നിന്നും ഇറക്കുമതി ചെയ്യുക. 6,900 ടണ്‍ സവാള ഇറക്കുമതി ചെയ്യാന്‍ ഈജിപ്തുമായി കരാറിലെത്തിയിട്ടുണ്ട്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ 80-120 രൂപയാണ് സവാളയുടെ വില. വിപണിയിലേക്ക് സവാള കൂടുതല്‍ എത്തിച്ച് വില പിടിച്ചു നിര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമം.

Read more

1.2 ലക്ഷം ടണ്‍ സവാള ഇറക്കുമതി ചെയ്യാന്‍ നവംബര്‍ 20-ന് കേന്ദ്ര മന്ത്രിസഭ അനുമതി നല്‍കിയിരുന്നു. മഴ ശക്തിപ്പെട്ടതോടെ സവാള ഉത്പാദനം കുറഞ്ഞതാണ് വിലക്കയറ്റത്തിലേക്ക് എത്തിച്ചത്. സവാള ഉത്പാദനത്തില്‍ 26 ശതമാനത്തോളം കുറവാണുണ്ടായത്.