'കുളി മതിയാക്കാതെ ചോപ്പീസ് കുട്ടിശങ്കരൻ'; ഒടുവില്‍ ഉത്സവത്തിന് തിടമ്പേറ്റിയത് മാരുതി ഒമ്നി വാന്‍

തൃശ്ശൂരില്‍ ഉത്സവത്തിന് തിടമ്പേറ്റാന്‍ എത്തിച്ച ആന കാണിച്ച കുസൃതിയെ തുടര്‍ന്ന് തിടമ്പേറ്റിയത് ഒമ്നി വാന്‍. പീച്ചി തുണ്ടത്ത് ദുർഗ ഭഗവതി ക്ഷേത്രത്തിൽ കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. തിടമ്പേറ്റുന്നതിന് മുന്നോടിയായി കുളിപ്പിക്കാന്‍ കനാലില്‍ ഇറങ്ങിയ ചോപ്പീസ് കുട്ടിശങ്കരൻ എന്ന ആനയാണ് തിരിച്ച് കയറാന്‍ തയ്യാറാവാതിരിക്കുകയായിരുന്നു. ഇതോടെയാണ് ആനയ്ക്ക് പകരം ഒമിനി വാനില്‍ തിടമ്പേറ്റാന്‍ തീരുമാനിച്ചത്.

പൊടിപ്പാറയിൽ ഇടതുകര കനാലിലാണ് എഴുന്നള്ളിപ്പിന് മുമ്പ് ആനയെ കുളിപ്പിക്കാനിറക്കിയത്. എന്നാല്‍ വെളത്തില്‍ ഇറക്കിയ ആന തിരികെ കയറാൻ കൂട്ടാക്കാതെ രണ്ടര മണിക്കൂറോളം നേരം വെള്ളത്തിൽ തന്നെ കിടക്കുകയായിരുന്നു. കനാലിലെ ചെറിയ ഒഴുക്കുള്ള വെള്ളത്തിന്റെ കുളിരിൽ രസിച്ചുകിടന്ന ആനയെ തിരിച്ച് കയറ്റാന്‍ പപ്പാന്‍ ആവുന്നത്ര ശ്രമിച്ചെങ്കിലും ആന അനങ്ങാന്‍ കൂട്ടാക്കിയില്ല.

കയർ ബന്ധിച്ച് ആനയെ കരയ്ക്ക് കയറ്റാനുള്ള ശ്രമവും വിഫലമായി. രാവിലെ ഒമ്പത് മണിക്ക് കുളിക്കാനിറങ്ങിയ ആന ഒരു മണിയോടെയാണ് കരയ്ക്ക് കയറിയത്. തുടര്‍ന്ന്, വനം വകുപ്പുദ്യോഗസ്ഥർ ആനയ്ക്ക് എഴുന്നള്ളിപ്പിനുള്ള അനുമതി നിഷേധിച്ചു. ഇതോടെ, നെറ്റിപ്പട്ടം അണിഞ്ഞ് തിടമ്പുമേറ്റി ഒമിനി വാന്‍ എഴുന്നള്ളിപ്പിന് ഇറങ്ങുകയായിരുന്നു.

വീഡിയോ കാണാം: