സംസ്ഥാനത്ത് 76 പേര്‍ക്ക് കൂടി ഒമൈക്രോണ്‍, പത്തനംതിട്ടയിലെ സ്വകാര്യ നഴ്സിംഗ് കോളജില്‍ ഒമൈക്രോണ്‍ ക്ലസ്റ്റര്‍

സംസ്ഥാനത്ത് 76 പേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തൃശൂര്‍ 15, പത്തനംതിട്ട 13, ആലപ്പുഴ 8, കണ്ണൂര്‍ 8, തിരുവനന്തപുരം 6, കോട്ടയം 6, മലപ്പുറം 6, കൊല്ലം 5, കോഴിക്കോട് 4, കാസര്‍ഗോഡ് 2, എറണാകുളം 1, വയനാട് 1 എന്നിങ്ങനെയാണ് ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്.

തമിഴ്നാട് നിന്നും വന്ന ഒരാള്‍ക്കും ഒമൈക്രോണ്‍ ബാധിച്ചു. 59 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 7 പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നതാണ്. 9 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ഒമൈക്രോണ്‍ ബാധിച്ചത്. തൃശൂര്‍ 3, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം 2 വീതം എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

അതേസമയം പത്തനംതിട്ടയിലെ സ്വകാര്യ നഴ്സിംഗ് കോളജില്‍ ഒമൈക്രോണ്‍ ക്ലസ്റ്റര്‍ രൂപപ്പെട്ടിട്ടുണ്ട്. വിദേശത്ത് നിന്നും എത്തിയയാളുടെ സമ്പര്‍ക്കത്തിലുള്ള വിദ്യാര്‍ത്ഥിയില്‍ നിന്നും പകര്‍ന്നതാണെന്നാണ് സംശയിക്കുന്നത്. 30 പേര്‍ക്കാണ് നഴ്സിംഗ് കോളജില്‍ രോഗം സ്ഥിരീകരിച്ചത്. ഇവിടെയുള്ള കൂടുതല്‍ പേരുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയക്കും.

സംസ്ഥാനത്ത് ആകെ 421 പേര്‍ക്കാണ് ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്. ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 290 പേരും ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും ആകെ 85 പേരും എത്തിയിട്ടുണ്ട്. 43 പേര്‍ക്കാണ് ആകെ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്ന 3 പേരാണുള്ളതെന്ന് മന്ത്രി വ്യക്തമാക്കി.