ദുര്യോധനന്‍ മുതല്‍ ദുശ്ശള വരെ 101 പേര്‍ക്കും ഓരോ കുപ്പി; കൊല്ലം ക്ഷേത്രത്തിലെ 'ഓള്‍ഡ് മങ്ക്' വഴിപാട് വൈറല്‍

കൊല്ലം പോരുവഴി മലനട ക്ഷേത്രത്തില്‍ വഴിപാടായി 101 കുപ്പി ഓള്‍ഡ് മങ്ക് ലഭിച്ച ഫോട്ടോ വൈറല്‍. ക്ഷേത്രത്തില്‍ 22ന് നടക്കുന്ന ഉത്സവത്തിന്റെ ഭാഗമായാണ് 101 കുപ്പി ഓള്‍ഡ് മങ്ക് നേര്‍ച്ചയായി ലഭിച്ചത്. ക്ഷേത്രത്തില്‍ വഴിപാടായി കള്ളാണ് നല്‍കാറുള്ളത്. ഉത്സവത്തിന്റെ കൊടിയേറ്റ് നടന്ന 15 ാം തീയതിയാണ് ഒരു ഭക്തന്‍ 101 കുപ്പി മദ്യം വഴിപാടായി എത്തിച്ചത്.

നാട്ടുകാരനായ ഒരു പ്രവാസി മലയാളിയാണ് മദ്യം വഴിപാടായി സമര്‍പ്പിച്ചത്. ദുര്യോധന ക്ഷേത്രമാണ് മലനട ക്ഷേത്രം. ദുര്യോധനന്‍ മുതല്‍ ദുശ്ശള വരെ 101 പേര്‍ക്കും മലനട ഗ്രാമത്തില്‍ പലയിടത്തായി ക്ഷേത്രമുണ്ട്. ഈ 101 പേര്‍ക്ക് വേണ്ടിയാണ് 101 കുപ്പി ഓള്‍ഡ് മങ്ക് റം വഴിപാടായി എത്തിച്ചത്.

ദുര്യോധനന് മലനടയിലെത്തിയപ്പോള്‍ ദാഹം തോന്നുകയും ഇവിടുത്ത ഒരു വീട്ടിലെത്തി വെള്ളം ചോദിച്ചപ്പോള്‍ വീട്ടുകാരി കള്ള് നല്‍കിയെന്നാണ് ഐതിഹ്യം. ഈ സ്മരണയിലാണ് ഇത്തവണ മദ്യം നല്‍കിയത്. കിരണ്‍ ദീപ് എന്നയാള്‍ വഴിപാടായി ലഭിച്ച മദ്യത്തെക്കുറിച്ച് വിവരിച്ച് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടതോടെ ഇത് വൈറലായി.

കേരളത്തിലെ ബീവറേജ് വില്‍പ്പനശാല വഴി ഏറ്റവും കൂടുതല്‍ വില്‍പ്പന നടക്കുന്ന മദ്യങ്ങളിലൊന്നാണ് ഓള്‍ഡ് മങ്ക്.

Read more

https://www.facebook.com/kirandeepu.k/posts/3063821793643471