ഓഖി: കേന്ദ്ര മുന്നറിയിപ്പ് സംസ്ഥാന സര്‍ക്കാര്‍ അവഗണിച്ചു; 2600ല്‍ അധികം മത്സ്യതൊഴിലാളികള്‍ കടലില്‍; കേരളതീരം ആശങ്കയില്‍

കടലാക്രമണവും ശക്തമായ കാറ്റും ഉണ്ടാകുമെന്ന കേന്ദ്ര സമുദ്ര വിവര കേന്ദ്രത്തിന്റെ മുന്നറിയിപ്പ് സംസ്ഥാന സര്‍ക്കാര്‍ അവഗണിച്ചു. അറിയിപ്പ് സംസ്ഥാന സര്‍ക്കാര്‍ അവഗണിച്ചതാണ് “ഓഖി” ദുരന്തത്തില്‍ നാശനഷ്ടം കൂടാന്‍ കാരണമായത്. കേരളത്തിലും ലക്ഷദ്വീപിലും കനത്ത കാറ്റും മഴയും ഉണ്ടാകുമെന്നായിരുന്നു കഴിഞ്ഞ ബുധനാഴ്ച നല്‍കിയ മുന്നറിയിപ്പില്‍ അറിയിച്ചിരുന്നത്. അതത് സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്ക് ഈ അറിയിപ്പ് അയച്ചു നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ജില്ലാ കളക്ടര്‍മാര്‍ക്കോ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കോ ഈ വിവരം കൈമാറിയിരുന്നില്ല.

നവംബര്‍ 29ന് ഉച്ചയ്ക്ക് 2.30ന് മുന്നറിയിപ്പ് സന്ദേശം ഫാക്‌സ് വഴി അയച്ചിരുന്നു. ഈ സന്ദേശം ദുരന്ത നിവാരണ അതോറിറ്റി ഫിഷറീസിനോ പോലീസിനോ കൈമാറിയിരുന്നില്ല.

ചുഴലിക്കാറ്റിനെ കുറിച്ച് സര്‍ക്കാരിനും സേനാവിഭാഗങ്ങള്‍ക്കും മുന്നറിയിപ്പ് നല്‍കുന്നതില്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പരാജയപ്പെട്ടെന്നാണ് ദുരന്തനിവാരണ സംഘത്തിന്റെ ആരോപണം. ജാഗ്രതാ നിര്‍ദ്ദേശം ലഭിച്ചിട്ടും മുന്‍കരുതലുകള്‍ എടുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് മത്സ്യത്തൊഴിലാളികളും ആരോപിച്ചു. അതേസമയം 2600 ല്‍ അധികം ആളുകള്‍ ഇപ്പോഴും കടലില്‍ കുടുങ്ങികിടക്കുകയാണെന്നും രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണുമെന്നാണ് സര്‍ക്കാര്‍ വിശദീകരണം.