മത്തായിയുടെ മരണം: വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് എതിരെ നരഹത്യയ്ക്ക് കേസെടുത്തേക്കും, നിയമോപദേശം തേടി പൊലീസ്

പത്തനംതിട്ട ചിറ്റാറിലെ യുവകർഷകൻ മത്തായിയുടെ മരണത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നരഹത്യയ്ക്ക് കേസെടുത്തേക്കും. ഇതു സംബന്ധിച്ച്  പൊലീസ് നിയമോപദേശം തേടി. പ്രത്യേക അന്വേഷണ സംഘം ഉടൻ റാന്നി ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് നൽകും. തെളിവ് നശിപ്പിക്കൽ, കൃത്രിമ രേഖ ചമയ്ക്കൽ എന്നിവ നടന്നതിന് കൂടുതൽ തെളിവുകൾ ലഭിച്ച സാഹചര്യത്തിലാണ് തീരുമാനം.

അതേ സമയം മത്തായിയുടെ മരണത്തിൽ  ന്യൂനപക്ഷ കമ്മീഷൻ സ്വമേധയാ കേസെടുത്തു.സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ജില്ലാ പൊലീസ് മേധാവിക്കും ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്കും നിർദേശം നൽകി. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്ത ഫൊറൻസിക് സർജനുമായി കൂടിക്കാഴ്ച നടത്തി.

കേസിൽ വനം വകുപ്പിന്റെ സാക്ഷിയായ അരുണിന്റെ മൊഴി ഇന്നും ക്രൈംബ്രാഞ്ച് രേഖപ്പെടുത്തും. കഴിഞ്ഞ ദിവസം അരുണിന്റെ മൊഴിയെടുത്തിരുന്നു. എന്നാൽ വനം വകുപ്പിനോട് അരുൺ പറഞ്ഞതും ക്രൈംബ്രാഞ്ചിനോട് പറഞ്ഞതും വ്യത്യസ്ത കാര്യങ്ങളാണ്. മുഴുവൻ ഉദ്യോഗസ്ഥരെയും സസ്പെന്‍ഡ് ചെയ്ണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ്. മൃതദേഹം സംസ്കരിച്ചില്ല. കുടുംബത്തിന് നീതി ആവശ്യപ്പെട്ട് കോൺഗ്രസിന്റെ നേതൃത്വത്തിൽ ഇന്നു മുതൽ ചിറ്റാർ‌ ഫോറസ്റ്റ്  ഓഫീസിന് മുന്നിൽ റിലെ ഉപവാസം സമരം തുടങ്ങും.

അതേസമയം മത്തായിയുടെ മരണത്തില്‍ രണ്ട് വനംവകുപ്പ് ഉദ്യോഗസ്ഥരെ നേരത്തെ സസ്പെന്‍ന്‍ഡ് ചെയ്തിരുന്നു.  ചിറ്റാര്‍ ഫോറസ്റ്റ് സ്റ്റേഷനിലെ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ആര്‍ രാജേഷ്‌കുമാര്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ എ കെ പ്രദീപ് കുമാര്‍ എന്നിവരെ സര്‍വീസില്‍ നിന്ന് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്ത് വനം വകുപ്പ് ഉത്തരവിറക്കിയിരുന്നു.