ഓഖി: കേരള തീരം വിട്ട് ലക്ഷദ്വീപ് ഭാഗത്തേക്ക്; ആളുകളെ മാറ്റിപാര്‍പ്പിക്കുന്നു; തിരുവനന്തപുരത്ത് ഒരു മരണംകൂടി

ഓഖി ചുഴലിക്കാറ്റ് കേരള തീരം വിട്ട് ലക്ഷദ്വീപ് ഭാഗത്തേക്ക് നീങ്ങി. കല്‌പേനി, മിനികോയ് ദ്വീപുകളിലും കടല്‍ക്ഷോഭം. ഇതുവരെ കടല്‍തീരത്ത് താമസിക്കുന്ന ഇരുന്നൂറോളം പേരെ മാറ്റിപാര്‍പ്പിച്ചു. കല്‌പേനി, മിനിക്കോയ് ദ്വീപുകളില്‍ കടല്‍ക്ഷോഭം ശക്തമാണ്. അതേസമയം തിരുവനന്തപുരം ശംഖുമുഖത്ത് ഒരാള്‍കൂടി മരിച്ചു. മരിച്ചയാളെ കടലില്‍ നിന്നും നാവികസേന രക്ഷിച്ചതായീരുന്നു. ഇദ്ദേഹത്തെ തിരിച്ചറിഞ്ഞിട്ടില്ല. കൊല്ലം ജില്ലയില്‍ എട്ട് ബോട്ടുകള്‍ കടലില്‍ കുടുങ്ങിക്കിടക്കുകയാണ്. 185 മത്സ്യതൊഴിലാളികള്‍ തിരിച്ചെത്താനുണ്ടെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു

ലക്ഷദീപില്‍ മത്സ്യത്തൊഴിലാളികള്‍ ആരും കടലില്‍ അകപ്പെട്ടതായി വിവരമില്ല. കാറ്റിന്റെ വേഗത കൂടി വരികയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. കവരത്തിയില്‍ അഞ്ച് ബോട്ടുകള്‍ മുങ്ങി. ഹെലിപാഡിലും വെള്ളം കയറി. സ്‌കൂളിലേക്കും വില്ലേജ് ഹൗസുകളിലേക്കും ആളുകളെ മാറ്റിപ്പാര്‍പ്പിച്ച് വരികയാണ്. വിവിധ ദ്വീപുകളിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ഇന്നലെ തന്നെ വിളിച്ച് ചേര്‍ത്തിരുന്നു.

Read more

തിരുവനന്തപുരം തീരത്തു നിന്ന് 250 കിലോമീറ്റര്‍ മാറി മിനികോയ് ദ്വീപിന് 100 കിലോമീറ്റര്‍ അടുത്താണ് ഓഖി ചുഴലിക്കാറ്റിന്റെ ഇപ്പോഴുള്ള സ്ഥാനം. ഇന്നലെ കേരള തീരത്തിന് 70 കിലോമീറ്റര്‍ വരെ അടുത്ത് വരെ ചുഴലിക്കാറ്റ് എത്തിയിരുന്നു. അതിനിടെ തിരുവനന്തപുരത്ത് 33 പേര്‍കൂടി തിരിച്ചെത്തി. നിരവധിപേര്‍ ഇനിയും തിരിച്ചെത്താനുണ്ട്. രക്ഷാപ്രവര്‍ത്തനത്തില്‍ വീഴ്ചയാരോപിച്ച് വലിയ പ്രതിഷേധമാണ് വലിയതുറ, ശംഖുമുഖം ഭാഗത്ത് നടക്കുന്നത്.