ഓഖി ചുഴലിക്കാറ്റ്; ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് സർക്കാർ

സംസ്ഥാനത്തിനകത്തും പുറത്തുമായി ഒട്ടനവധി നാശനഷ്ടങ്ങൾ വരുത്തിയ ഓഖി ചുഴലിക്കാറ്റ് ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കേരള സർക്കാർ. ഇക്കാര്യം കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഒട്ടേറെ നാശനഷ്ടങ്ങൾ സൃഷ്ട്ടിച്ചു കൊണ്ടിരിക്കുന്ന ഓഖി ചുഴലിക്കാറ്റിന്റെ തീവ്രത കൂടുന്നതിനാൽ ഇത് ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നാണ് സർക്കാരിന്റെ ആവശ്യം.

അതിതീവ്ര ചുഴലിക്കാറ്റായി ലക്ഷദ്വീപിലേക്കു നീങ്ങുന്നതായി കാലാവസ്ഥാ കേന്ദ്രങ്ങള്‍ അറിയിചിരുന്നു. ദ്വീപുകളിലെങ്ങും അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ലക്ഷ്വദ്വീപിൽ കനത്ത മഴയും പെയ്യുന്നുണ്ട്. ജനങ്ങളെ ദുരിതാശ്വാസ ക്യാംപുകളിലേക്കു മാറ്റി. രക്ഷാപ്രവര്‍ത്തനത്തിന് നാവികസേന രംഗത്തെത്തിയിട്ടുണ്ട്. കേരള തീരത്തിനു പത്തു കിലോമീറ്റര്‍ അകലെവരെ കടലില്‍ ഭീമന്‍ തിരമാലക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രവും ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസും അറിയിച്ചു. കൊല്ലം, ആലപ്പുഴ, കൊച്ചി, തൃശൂര്‍ ജില്ലകളില്‍ 4.4 മീറ്റര്‍ മുതല്‍ 6.1 മീറ്റര്‍ വരെ തിരയുയരും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകളിലെ നദികളില്‍ അടുത്ത 24 മണിക്കൂറില്‍ ജലനിരപ്പുയരുമെന്നതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ജല കമ്മീഷന്റെ ഫ്‌ളഡ് ഫോര്‍കാസ്റ്റ് മോണിറ്ററിങ് ഡയറക്ടറേറ്റ് അറിയിച്ചു.

കേരളാ തീരത്ത് വിഴിഞ്ഞം മുതല്‍ കാസര്‍കോട് വരെ ഇന്ന് രാത്രി 11.30 വരെ രണ്ടു മുതല്‍ 3.3 മീറ്റര്‍ ഉയരത്തില്‍ തിരമാലയുണ്ടാവും. ലക്ഷദ്വീപ്, തെക്കന്‍ തമിഴ്‌നാട് എന്നിവിടങ്ങളിലും സമാന പ്രതിഭാസമുണ്ടാവുമെന്ന് അറിയിപ്പില്‍ വ്യക്തമാക്കുന്നു. കേരളത്തില്‍ വിവിധ സ്ഥലങ്ങളില്‍ അടുത്ത 24 മണിക്കൂര്‍ മഴയുണ്ടാവും. 45 മുതല്‍ 65 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിനും സാധ്യതയുണ്ട്. അതിനിടെ, കണ്ണൂർ പുതിയവളപ്പിൽ 100 മീറ്ററോളം കരയെ കടൽ വിഴുങ്ങി. നീരൊഴുക്കുംചാൽ, കക്കാടൻചാൽ എന്നിവിടങ്ങളിൽ കടൽ ഉൾവലിഞ്ഞു. ഇതു തീരവാസികളിൽ ഏറെ ഭീതി പരത്തി. ഓഖി ചുഴലിക്കാറ്റില്‍ മരണം സംഭവിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് പത്തു ലക്ഷം രൂപ സംസ്ഥാന സര്‍ക്കാര്‍ ധനസഹായവും നൽകും.

Read more

മത്സ്യബന്ധനത്തിന് കടലില്‍ പോയ നാനൂറോളം പേരെ വിവിധസ്ഥലങ്ങളിലായി രക്ഷപ്പെടുത്താനായതായും മുഖ്യമന്ത്രി പറഞ്ഞു. സംഭവത്തില്‍പരിക്കേറ്റവര്‍ക്ക് 15000 രൂപ അയിന്തിര സഹായവും നല്‍കാന്‍ധാരണയായി. തീരദേശങ്ങളിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും ഒറാഴ്ച സൗജന്യ റേഷന്‍ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. നാവികസേന, എയര്‍ഫോഴ്‌സ്, കോസ്റ്റ്ഗാര്‍ഡ് എന്നിവരുടെ പ്രവര്‍ത്തനം അഭിനന്ദനാര്‍ഹമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ആര്‍മി എല്ലാ സജ്ജീകരണവുമായി ഉണ്ടായിരുന്നുവെങ്കിലും ഇടപെടലിന്റെ ആവശ്യം വന്നില്ല എല്ലാവര്‍ക്കും സര്‍ക്കാരിന്റെ നന്ദിയും അറിയിച്ചു. കേന്ദ്രത്തിന്റെ എല്ലാവിധ സഹായവും ലഭിച്ചിട്ടുണ്ട്. മാധ്യമങ്ങളുടെ ഭാഗത്തു നിന്നുമുണ്ടയത് നല്ല ഇടപെടലാണെന്നും അദ്ദേഹം പറഞ്ഞു.