കനത്ത മഴ തുടരുന്നു; മരണം നാലായി; കടലില്‍ പോയ 13 മത്സ്യബന്ധന തൊഴിലാളികള്‍ കൂടി തിരിച്ചെത്തി

കന്യാകുമാരിക്കും തിരുവനന്തപുരത്തിനുമിടയില്‍ രൂപം കൊണ്ട ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് സംസ്ഥാനത്ത് തുടരുന്ന മഴയില്‍ ഒരു മരണം കൂടി. വിഴിഞ്ഞത്ത് മരം വീണ് പരിക്കേറ്റ അല്‍ഫോണ്‍സയാണ് മരിച്ചത്. നേരത്തെ മൂന്ന് പേര്‍ മരിച്ചിരുന്നു. തിരുവനന്തപുരത്തെ കിള്ളിയില്‍ വൈദ്യുതി കമ്പി പൊട്ടി വീണ് രണ്ട് പേര്‍ മരിച്ചു. കിള്ളി തുരുമ്പാട് തടത്തില്‍ അപ്പു നാടാര്‍ (75) ഭാര്യ സുമതി (67), കുളത്തൂപുഴ സ്വദേശി വിഷ്ണു എന്നിവരാണ് ഇതിന് മുമ്പ് മരിച്ചത്.

അടുത്ത 48 മണിക്കൂറില്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. അതിനിടെ കടലില്‍ കുടുങ്ങിയ 13 പേര്‍ തിരിച്ചെത്തി. 50ഓളം മത്സ്യ ബന്ധന വള്ളങ്ങള്‍ കടലില്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് സൂചന. ഇതില്‍ 150ഓളം മത്സ്യബന്ധന തൊഴിലാളികളുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. കന്യാകുമാരിക്കും തിരുവനന്തപുരത്തിനുമിടയില്‍ രൂപം കൊണ്ട ഓഖി ചുഴലിക്കാറ്റ് കേരളത്തിന്റെ തെക്കന്‍ ജില്ലകളില്‍ വന്‍ നാശം വിതച്ചു. കന്യാകുമാരിയിലും നാല് പേര്‍ക്ക് ജീവന്‍ നഷ്ടമായിട്ടുണ്ട്.

ഓഖിയുടെ ഫലമായി തെക്കന്‍ കേരളത്തില്‍ 12 മണിക്കൂറെങ്കിലും പരക്കെ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. വടക്കന്‍ കേരളത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. മഴയും കാറ്റും കനക്കുന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ദുരന്ത നിവാരണ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. മലയോര ജില്ലകളില്‍ രാത്രി യാത്ര ഒഴിവാക്കാന്‍ നിര്‍ദ്ദേശമുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംത്തിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകളെ രാത്രിയാത്രയില്‍ നിന്നൊഴിവാക്കണം
കേരളത്തിലെ കടല്‍തീരത്തും, മലയോര മേഖലയിലും ഇന്നും നാളെയും വിനോദസഞ്ചാരത്തിനായി പോകരുതെന്നും, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം, ഇടുക്കി, കോട്ടയം എന്നീ ജില്ലകളിലെ മലയോര മേഘലയില്‍ വൈകിട്ട് 6നും പകല്‍ 7നും ഇടയിലുള്ള യാത്ര ഒഴിവാക്കുകയെന്നും സംസ്ഥാന പൊലീസിന്റെ നിര്‍ദ്ദേശത്തിലുമുണ്ട്.

വൈദ്യുത തടസം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ മൊബൈല്‍ ഫോണ്‍, എമര്‍ജന്‍സി ലൈറ്റ് എന്നിവ ചാര്‍ജ് ചെയ്തു സൂക്ഷിക്കുക. മോട്ടോര്‍ ഉപയോഗിച്ച് പമ്പ് ചെയ്തു വീട്ടിലെ ആവശ്യത്തിനുള്ള ജലം സംഭരിക്കുന്നവര്‍ ഇന്ന് പകല്‍ സമയം തന്നെ ആവശ്യമായ് ജലം സംഭരിക്കുക. ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവര്‍ അടിയന്തിര ആവശ്യത്തിനുള്ള മരുന്നുകള്‍ സൂക്ഷിക്കുക. വാഹനങ്ങള്‍ ഒരു കാരണവശാലും മരങ്ങള്‍ക്ക് കീഴില്‍ നിര്‍ത്തിയിടരുത്. മലയോര റോഡുകളില്‍, പ്രത്യേകിച്ച് നീരുറവകള്‍ക്ക് മുന്നില്‍ വാഹനങ്ങള്‍ ഒരു കാരണവശാലും നിര്‍ത്തിയിടരുതെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.

ചുഴലിക്കാറ്റിനെത്തുടര്‍ന്ന് സംസ്ഥാനത്ത് വന്‍ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. തെക്കന്‍ ജില്ലകളില്‍ ഇന്നു രാവിലെ മുതല്‍ കനത്ത മഴ തുടരുകയാണ്. തീരദേശത്തുള്ളവര്‍ക്കും മത്സ്യ ബന്ധന ബോട്ടുകള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
എന്നാല്‍ സുനാമി പോലെയുള്ള ദുരിതങ്ങള്‍ക്ക് സാധ്യതയില്ലെന്ന് ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്. തിരുവനന്തപുരം ലക്ഷദ്വീപില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ് കാലാവസ്ഥാ കേന്ദ്രം നല്‍കിയിട്ടുണ്ട്. തെക്കന്‍ തമിഴ്‌നാട്ടിലും കേരളത്തിലും അതിശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.

അതേസമയം, കടലില്‍ പോയ മത്സ്യബന്ധന തൊഴിലാളികളെ തിരിച്ചെത്തിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് ഫിഷറീസ് മന്ത്രി മെഴ്‌സിക്കുട്ടിയമല്ല വ്യക്തമാക്കി. കനത്ത മൂടല്‍ മഞ്ഞുകാരണം കടല്‍ പ്രക്ഷുബ്ധമായതിനാല്‍ രക്ഷാ പ്രവര്‍ത്തനത്തിന് സാധിക്കുന്നില്ലെന്നാണ് വിവരം.
ചെറിയ ഇടവേളകളില്‍ കനത്ത മഴയുണ്ടാകുന്നതാണ് രക്ഷാ പ്രവര്‍ത്തനത്തെ ബാധിക്കുന്നത്. കൊച്ചിയില്‍ നിന്നും മറൈന്‍ എന്‍ഫോഴ്സ്മെന്റിന്റെ ഹെലികോപ്ടറുകള്‍ക്കും ബോട്ടുകള്‍ക്കും കാണാതായ വള്ളങ്ങളുടെ അടുത്തെത്താന്‍ പോലും സാധിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കടലില്‍ എവിടെ നിന്നാണ് കാണാതായതെന്ന് ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

അടിമലത്തറ, വിഴിഞ്ഞം, പൂന്തുറ തുടങ്ങിയ ഭാഗങ്ങളില്‍ നിന്നായി നിരവധി വള്ളങ്ങളാണ് കടലില്‍ മത്സ്യ ബന്ധനത്തിനായി പോയിട്ടുള്ളത്. എത്രയും പെട്ടെന്ന് രക്ഷാപ്രവര്‍ത്തനം നടത്തണമെന്ന് പൂന്തുറ സന്ദര്‍ശിക്കാനെത്തിയ ജെ മെഴ്സിക്കുട്ടിയമ്മയോട് ജനങ്ങള്‍ ആവശ്യപ്പെട്ടു.