ഇന്നസെന്റിന് വോട്ടില്ല, കാണാൻ വന്നിട്ട് കാര്യമില്ലെന്ന് എൻ.എസ്.എസിന്റെ മുകുന്ദപുരം താലൂക്ക് യൂണിയൻ

ചാലക്കുടിയിലെ സി.പി.ഐ.എം സ്ഥാനാര്‍ത്ഥിയായ ഇന്നസെന്റിന് എന്‍.എസ്‌.എസ്‌. വോട്ടു ചെയ്യില്ലെന്ന് മുകുന്ദപുരം താലൂക്ക്‌ യൂണിയന്‍. ഇന്നസെന്റ് എൻ.എസ്.എസ്. നേതൃത്വത്തെ അംഗീകരിക്കില്ലെന്നു പറഞ്ഞശേഷം സന്ദര്‍ശിക്കാന്‍ വന്നിട്ടു കാര്യമില്ലെന്ന് താലൂക്ക്‌ യൂണിയന്‍ പ്രസിഡന്റ്‌ ഡി. ശങ്കരന്‍കുട്ടി പറഞ്ഞു.

എസ്‌.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സന്ദര്‍ശിച്ച ശേഷം ചങ്ങനാശേരിയിലെ എന്‍.എസ്‌.എസ്‌. ആസ്‌ഥാനത്തു ചെന്നു വോട്ട് തേടില്ലെന്ന്‌ ഇന്നസെന്റ്‌ പറഞ്ഞിരുന്നു. അതേസമയം, എൻ.എസ്.എസിന്റെ പ്രാദേശിക നേതൃത്വത്തെ സമീപിക്കുമെന്നും അറിയിച്ചിരുന്നു.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ സമദൂരം എന്നതാണ്‌ തങ്ങളുടെ നയമെന്നു എൻ.എസ്.എസിന്റെ താലൂക്ക്‌ യൂണിയന്‍ പറഞ്ഞു. എന്നാൽ, ചില അംഗങ്ങള്‍ക്കു രാഷ്‌ട്രീയചുമതല ഉണ്ടാകുമെന്നും യൂണിയൻ പറയുന്നു. അംഗങ്ങള്‍ക്കു ഇതിനെ കുറിച്ചു നല്ല ബോധ്യമുണ്ടെന്നും എന്‍.എസ്‌.എസ്‌. നേതൃത്വത്തെ തള്ളിപ്പറയുന്ന ഇന്നസെന്റിനെ അംഗീകരിക്കേണ്ട ആവശ്യം തങ്ങള്‍ക്കില്ലെന്നും യൂണിയൻ പ്രസിഡന്റ് വ്യക്തമാക്കി.