ഏതു തരത്തിലുമുള്ള സൈബർ ആക്രമണങ്ങളും ഉണ്ടായേക്കാം; ഉത്തരവാദിത്വത്തോടെ ഇന്റർനെറ്റിനെ സമീപിക്കണമെന്ന് അജിത് ഡോവൽ

Advertisement

രാജ്യത്ത് ഏതു തരത്തിലുമുള്ള സൈബർ ആക്രമണങ്ങളും ഉണ്ടായേക്കാമെന്ന്  ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. ഉത്തരവാദിത്വത്തോടെ മാത്രം ഇന്റർനെറ്റിനെ സമീപിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ്  നൽകി. കേരള പൊലീസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചിട്ടുള്ള കൊക്കൂൺ വെർച്വൽ സൈബർ കോൺഫറൻസിൽ  സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ കാലഘട്ടത്തിൽ സൈബർ സുരക്ഷ ഏറെ വെല്ലുവിളി നിറഞ്ഞതാണ്. നമ്മൾ അറിയാതെ തന്നെ സ്വകാര്യ വിവരങ്ങൾ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നിശ്ശബ്ദമായാണ് ഈ മോഷണം നടക്കുന്നത്. പലപ്പോഴും സത്യസന്ധതയോടെ നമ്മളെ ഇവർ സമീപിക്കുകയും വിവരങ്ങൾ ചോർത്തുകയുമാണ് പതിവ്. അതുകൊണ്ടു തന്നെ വിവര മോഷണത്തിനെതിരെ ജാഗ്രതയോടെ ഇരിക്കണം. സൈബർ സുരക്ഷിതത്വത്തിനു വേണ്ട മുൻകരുതലെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് കാലം എല്ലാവരെയും ഇന്റർനെറ്റിലാക്കിയെന്നും അതുകൊണ്ടു തന്നെ ഇന്റർനെറ്റ് ഉപയോഗിക്കുമ്പോൾ ഓരോരുത്തരും ജാഗ്രത പുലർത്തണമെന്നും കോൺഫറൻസ് ഉദ്ഘാടനം ചെയ്ത് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. രാജ്യത്ത് തന്നെ പല തരം സൈബർ ക്രൈമുകളാണ് നടക്കുന്നത്. ഇതിനെതിരെ ജാഗ്രത പുലർത്തേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.