ഇടുക്കി ഉൾപ്പെടെയുള്ള വലിയ ഡാമുകൾ നിലവിൽ തുറക്കേണ്ട സാഹചര്യമില്ലെന്ന് മന്ത്രി എം.എം മണി

സംസ്ഥാനത്ത് പരക്കെ അതിശക്തമായി മഴ പെയ്യുന്നുണ്ടെങ്കിലും വലിയ ഡാമുകളൊന്നും തുറന്നു വിടേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് വൈദ്യുതി മന്ത്രി എം.എം മണി പറഞ്ഞു. ഡാമുകള്‍ തുറന്നു വിടുന്നത് സംബന്ധിച്ച് ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സ്ഥിതിഗതികള്‍ വിലയിരുത്താനായി ഉച്ചയ്ക്ക് വൈദ്യുതി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ടെന്നും വൈദ്യുതി വകുപ്പ് മന്ത്രി അറിയിച്ചു. പ്രധാന ഡാമുകള്‍ സ്ഥിതി ചെയ്യുന്ന ഇടുക്കി ജില്ലയില്‍ മഴ കുറഞ്ഞതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. കേരളത്തിലെ ഏറ്റവും വലിയ ഡാമായ ഇടുക്കിയില്‍ ഇതുവരെയും സംഭരണശേഷിയുടെ പകുതി പോലും നിറഞ്ഞിട്ടില്ലെന്നാണ് വിവരം. ശക്തമായ വെള്ളപ്പൊക്കം നേരിട്ട മൂന്നാറിലും ഇപ്പോള്‍ വെള്ളം ഇറങ്ങിയിട്ടുണ്ട്.

എന്നാൽ കഴിഞ്ഞ ദിവസം പെയ്ത മഴയിൽ ഇടുക്കി ഡാമിൽ ഏഴ് അടിയോളം വെള്ളം ഉയർന്നതായി റിപ്പോർട്ടുകളുണ്ട്. അതിശക്തമായ മഴ രണ്ടു ദിവസം കൂടി തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.