‌ആർ.സി ബ്രിഗേഡ് ഗ്രൂപ്പുമായി ബന്ധമില്ല; വിശദീകരണവുമായി രമേശ് ചെന്നിത്തല

ഡിസിസി പുന:സംഘടനയുമായി ബന്ധപ്പെട്ട് ചെന്നിത്തല അനുകൂലികളുടെ വാട്സ് അപ് ചാറ്റ് പുറത്തായതിന് പിന്നാലെ ആർ.സി ബ്രിഗേഡ് വാട്‌സ്ആപ്പ് ഗ്രൂപ്പുമായി ബന്ധമില്ലെന്ന് രമേശ് ചെന്നിത്തല.

ചെന്നിത്തലയുടെ അറിവോടെ ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പും പ്രവർത്തിക്കുന്നില്ലെന്ന് രമേശ് ചെന്നിത്തലയുടെ ഓഫീസ് വ്യക്തമാക്കി. വിവാദങ്ങൾക്ക് പിന്നിൽ ബോധപൂർവ്വം വിവാദങ്ങൾ സൃഷ്ടിക്കാനുള്ള ശ്രമമാണെന്നും ചെന്നിത്തലയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനുമെതിരായി ആർ സി ബ്രിഗേഡ് വാട്സ് ആപ് കൂട്ടായ്മയിൽ നടന്ന പടയൊരുക്കത്തിന്റെ പകർപ്പ് പുറത്തായതോടെയാണ് വിശദീകരണവുമായി ചെന്നിത്തലയുടെ ഓഫീസ് രം​ഗത്തെത്തിയത്.

ചെന്നിത്തലയുമായി ബന്ധമില്ലെന്ന് പറയുമ്പോഴും അദ്ദേഹത്തിന്റെ മകൻ, എംഎൽഎമാർ, കെപിസിസി ഭാരവാഹികൾ, യൂത്ത് കോൺ​ഗ്രസ് ഭാരവാഹികൾ എന്നിവർ അടങ്ങിയ വലിയ ഒരു വിഭാ​ഗം ആർസ് ബ്രി​ഗേഡ് വാട്സ് ആപ്പ് കൂട്ടായ്മയിലുണ്ട്.

‘ഡിസിസി പ്രസിഡൻറാകാൻ നിന്ന നേതാക്കളുടെ ഫാൻസിനെ ഇളക്കി വിടണം’, ‘ഉമ്മൻചാണ്ടിയുടെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്നവരെ കൂടി ചേർത്ത് ആക്രമണം നടത്തണം’, ‘രമേശ് ജിയെ പുതിയ ഗ്രൂപ്പുകാർ മന:പൂർവ്വം ആക്രമിക്കുന്നതായി വരുത്തണം’, ‘ഗ്രൂപ്പ് കളിക്കുന്നത് ആർസിയും ഒസിയും അല്ലായെന്നും തെളിയിക്കണം’ എന്നിങ്ങനെയാണ് ​ഗ്രൂപ്പിലെ പ്രധാന ചർച്ച.

പുതിയ പട്ടികക്കെതിരെ ഗ്രൂപ്പിന് അതീതമായി പ്രതിഷേധം സൃഷ്ടിക്കണമെന്നാണ് വാട്സ് ആപ്പ് ​ഗ്രൂപ്പിലെ ആഹ്വാനം. ഉമ്മൻചാണ്ടി നയിക്കുന്ന എ ഗ്രൂപ്പിനെയും ഒപ്പം നിർത്തണമെന്നും വാട്ട്സ് ആപ് ചാറ്റിൽ പറയുന്നുണ്ട്.