'നിര്‍മ്മാണം തടയാന്‍ ആര്‍ക്കും അവകാശമില്ല'; വിഴിഞ്ഞം പദ്ധതി നിര്‍ത്തിവെയ്ക്കാന്‍ പറയാനാകില്ലെന്ന് ഹൈക്കോടതി

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം നിര്‍ത്തിവെക്കാന്‍ പറയാനാകില്ലെന്ന് ഹൈക്കോടതി. വിഴിഞ്ഞം പദ്ധതി തടയാന്‍ ആര്‍ക്കും അവകാശമില്ല. എതിര്‍പ്പുകളാകാം എന്നാലത് സമാധാനപരമാകണം. പ്രതിഷേധങ്ങള്‍ പദ്ധതി തടസപ്പെടുത്തികൊണ്ടാവരുതെന്നും കോടതി പറഞ്ഞു. പൊലീസ് സുരക്ഷ ആവശ്യപ്പെട്ടുള്ള അദാനി ഹര്‍ജിയിലാണ് ഹൈക്കോടതി പരാമര്‍ശം. ജസ്റ്റിസ് അനു ശിവരാമനാണ് ഹര്‍ജി പരിഗണിച്ചത്.

പദ്ധതി തടസ്സപ്പെടുത്തരുത്. പദ്ധതിയെക്കുറിച്ച് പരാതി ഉണ്ടെങ്കില്‍ ഉചിതമായ സ്ഥലത്ത് ഉന്നയിക്കാം. പ്രതിഷേധം നിയമത്തിന്റെ പരിധിയില്‍ നിന്നാകണമെന്ന് നിര്‍ദ്ദേശിച്ച കോടതി, പ്രതിഷേധമുള്ളത് കൊണ്ട് നിര്‍മ്മാണം നിര്‍ത്തിവെക്കാന്‍ നിര്‍ദ്ദേശിക്കാന്‍ ആകില്ലെന്നും അറിയിച്ചു.

വിഴിഞ്ഞം തുറമുഖം സ്വകാര്യ പദ്ധതി അല്ലെന്ന് അദാനി ഗ്രൂപ്പ് ഹര്‍ജിയില്‍ പറഞ്ഞു. സമരം കാരണം നിര്‍മ്മാണം നിശ്ചലമാണെന്നും പൊലീസ് പ്രതിഷേധത്തിന് കൂട്ടുനില്‍ക്കുന്നെന്നും അദാനി പറഞ്ഞു. എന്നാല്‍ പ്രതിഷേധം സമാധാനപരമാണ് എന്ന നിലപാടിലാണ് സമരക്കാര്‍.

വിഴിഞ്ഞത്ത് തുറമുഖത്തിനെതിരായ സമരം ഇന്ന് വീണ്ടും ശക്തമാകും. കടല്‍ സമരം ഇന്ന് വീണ്ടും നടത്തനാണ് പ്രതിഷേധക്കാരുടെ തീരുമാനം. മുതലപ്പൊഴിയില്‍ നിന്നുള്ള വള്ളങ്ങള്‍ ആണ് കടല്‍ മാര്‍ഗം തുറമുഖം വളയുക. കരമാര്‍ഗ്ഗവും തുറമുഖം ഉപരോധിക്കും.

Read more

ഉപരോധ സമരത്തിന്റെ 14 ാം ദിനം ആണ് ഇന്ന്. സമരക്കാരുമായി ഇന്ന് മൂന്നാംവട്ട മന്ത്രിതല ചര്‍ച്ചയും നിശ്ചയിച്ചിട്ടുണ്ട്. ഇന്നലെ ലത്തീന്‍ അതിരൂപത പ്രതിനിധികള്‍ എത്താത്തതിനെ തുടര്‍ന്ന് മന്ത്രിമരുമായുള്ള ചര്‍ച്ച നടന്നിരുന്നില്ല.