ഇര്‍ഫാന്‍ ഹബീബ് ഉള്‍പ്പെടെയുളളവര്‍ വധ ഗൂഢാലോചന നടത്തി എന്ന് ആരും വിശ്വസിക്കില്ല, ഗവര്‍ണര്‍ക്ക് പദവിക്ക് നിരക്കുന്ന സമചിത്തതയില്ല: എം.വി ഗോവിന്ദന്‍

കണ്ണൂര്‍ സര്‍വകലാശാലയിലെ ഹിസ്റ്ററി കോണ്‍ഗ്രസിനിടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ഉണ്ടായത് പെട്ടെന്നുണ്ടായ പ്രതിഷേധമായിരുന്നുവെന്ന സിപിഎം സെക്രട്ടറി എം വി ഗോവിന്ദന്‍. അക്രമം മുന്‍കൂട്ടി ആലോചിച്ച് ഉണ്ടായതല്ലെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.

ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണര്‍ പദവിയിലിരുന്ന് കാണിക്കേണ്ട സമചിത്തത കാണിക്കുന്നില്ലെന്നും ജനങ്ങളുടെ കണ്‍മുന്നിലുള്ള കാര്യങ്ങള്‍ വളച്ചൊടിക്കുകയാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.

ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ് ഉള്‍പ്പെടെയുളളവര്‍ വധ ഗൂഢാലോചന നടത്തിയെന്ന് പറയുന്നത് ആരും വിശ്വസിക്കില്ലെന്നും പൗരത്വ ഭേദഗതി സെമിനാറിലെ പ്രതിഷേധം പൊടുന്നനെ ഉണ്ടായതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Read more

ഗവര്‍ണര്‍ പദവിയോട് ആദരവ് കാണിക്കുന്നതാണ് സര്‍ക്കാര്‍ നിലപാടെന്നും എന്നാല്‍ ഗവര്‍ണറുടെ പദവിക്ക് യോജിക്കാത്ത കാര്യങ്ങളാണ് അദേഹം ചെയ്യുന്നതെന്നും എം.വി ഗോവിന്ദന്‍ വിമര്‍ശിച്ചു. സര്‍ക്കാരിനെതിരായി വ്യാപക പ്രചാരവേലകളാണ് തെറ്റായ രീതിയില്‍ നടത്തുന്നതെന്നും പറഞ്ഞു.